കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. അഞ്ചാം തവണ ജാമ്യാപേക്ഷയുമായി എത്തുന്ന ദിലീപ് ഹൈക്കോടതിലെത്തുന്നത് മൂന്നാം തവണയാണ്. ജസ്റ്റിസ് സുനില്‍ തോമസ് ബെഞ്ച് മുമ്പാകെ രണ്ടാമത്തെ കേസായാണ് ഹര്‍ജി പരിഗണിക്കുക.

അങ്കമാലി കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെ ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുകയായിരുന്നു. കേസില്‍ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടോയെന്നും ജയിലില്‍ കിടന്നു എന്നതുകൊണ്ടുമാത്രം ജാമ്യം പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് 26-ലേക്ക് മാറ്റുകയായിരുന്നു. കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മഞ്ജുവാര്യറും എ.ഡി.ജി.പി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ട്. കേസില്‍ കാവ്യ പ്രതിയല്ലാത്തതിനാല്‍ മൂന്‍കൂര്‍ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ദിലീപ് ജയിലില്‍ തുടരുന്നതിനിടെ അടുത്തമാസം ഏഴിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ 11-ാം പ്രതിയാണ് ദിലീപ്.