തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത് ആരെന്ന് വിശദീകരിച്ച് എഫ്.ഐ.ആര്‍.

വെടിവെപ്പിന് ഉത്തരവിട്ടത് രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കലക്ട്രേറ്റിലെ ജീവനുകളും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് താനാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്നാണ് പൊലീസ് അവകാശവാദം.

മാരകായുധങ്ങളുമായി പതിനായിരത്തിലധികം ആളുകള്‍ കലക്ടറുടെ ഓഫീസിനു നേരെ മാര്‍ച്ച് ചെയ്‌തെന്നും പൊലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നും
തൂത്തുക്കുടി സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഖേഖര്‍ പറഞ്ഞു.

മക്കള്‍ അധികാരം, നാം തമിഴര്‍ കക്ഷി എന്നീ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പേര് അദ്ദേഹം എടുത്തുപറയുന്നുണ്ട്. പൊലീസ് ഓര്‍ഡര്‍ മറികടന്ന് ഇവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നും കലക്ട്രേറ്റിന് തീകൊളുത്തുമെന്നും ജോലിക്കാരെ ഉള്‍പ്പെടെ കൊല്ലുമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അവര്‍ കടന്നുവന്നതെന്നും തഹസില്‍ദാര്‍ ആരോപിക്കുന്നു. എന്നാല്‍ എഫ്.ഐ.ആറിലെ അവകാശവാദങ്ങളെല്ലാം പ്രദേശവാസികള്‍ തള്ളി.