health

യൂറിക് ആസിഡ് ഉയരാന്‍ കാരണമായ ഭക്ഷണങ്ങള്‍; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

By webdesk18

December 04, 2025

ശരീരം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്യൂറീന്‍ ഘടകങ്ങളെ വിഘടിപ്പിക്കുന്നതിനിടെ ഉണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. സാധാരണയായി വൃക്കകള്‍ ഇത് മൂത്രത്തിലൂടെ പുറത്താക്കുന്നുവെങ്കിലും, അമിത ഉത്പാദനമോ പുറത്താക്കുന്നതിനുള്ള ശേഷി കുറയുകയോ ചെയ്താല്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരും.

ഉയര്‍ന്ന യൂറിക് ആസിഡ് സന്ധിവാതം, വൃക്കക്കല്ല്, പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

ആരോഗ്യകരമായ ജീവിതശൈലിയും നിയന്ത്രിതമായ ഭക്ഷണക്രമവുമാണ് യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദം. പുതിയ പഠനങ്ങളും ആരോഗ്യരംഗത്തുള്ള നിരീക്ഷണങ്ങളും പ്രകാരം യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള ഏഴ് ഭക്ഷണവിഭാഗങ്ങളെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

റെഡ് മീറ്റ്, പ്രത്യേകിച്ച് മട്ടണ്‍, പന്നിയിറച്ചി എന്നിവയില്‍ പ്യൂറിനുകള്‍ കൂടുതലായതിനാല്‍ ഇവയുടെ അമിതമായ ഉപഭോഗം യൂറിക് ആസിഡ് വളരെയധികം വര്‍ധിപ്പിക്കും. കടല്‍മത്സ്യങ്ങള്‍, നെത്തോലി, മത്തി, ഷെല്‍ഫിഷ് തുടങ്ങിയ സമുദ്രമത്സ്യങ്ങളില്‍ പ്യൂറിനും സോഡിയവും ഉയര്‍ന്നതായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും യൂറിക് ആസിഡും കൂട്ടാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍, പ്രത്യേകിച്ച് ബിയര്‍, ഗുവാനോസിന് എന്ന പ്യൂറീന്‍ സംയുക്തം അടങ്ങിയതുകൊണ്ട്് യൂറിക് ആസിഡ് വേഗത്തില്‍ ഉയരും.

കൂടാതെ മദ്യം നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ യൂറിക് ആസിഡ് പുറത്താക്കുന്നത് വൃക്കകള്‍ക്ക് ബുദ്ധിമുട്ടാകും. അതുപോലെതന്നെ പഞ്ചസാരയും ഫ്രക്ടോസും കൂടുതലുള്ള ശീതളപാനികള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍ എന്നിവയും അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടിയ യൂറിക് ആസിഡ് എന്നിവയ്ക്ക് കാരണമാകുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പാക്കറ്റുഭക്ഷണങ്ങളില്‍ പ്യൂറിനുകള്‍, പ്രിസര്‍വേറ്റീവുകള്‍, സോഡിയം എന്നിവ കൂടുതലായതിനാല്‍ ഇവയും അപകടകാരികളാണ്.

യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രെഡ്, യീസ്റ്റ് അടിസ്ഥാനമാക്കിയ സ്പ്രെഡുകള്‍ എന്നിവയും പ്യൂറീന്‍ മെറ്റബോളിസം ഉത്തേജിപ്പിച്ച് യൂറിക് ആസിഡിന്റെ അളവ് കൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍-ചീസ്, പൂര്‍ണ്ണകൊഴുപ്പ് പാല്‍, ഐസ്‌ക്രീം എന്നിവ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സന്ധിവാത ലക്ഷണങ്ങള്‍ ശക്തമാക്കുന്നതിനും കാരണമാകാം. ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കി സമതുലിതമായ ഭക്ഷണക്രമവും ജലസേവനവും പാലിക്കുന്നത് ഉയര്‍ന്ന യൂറിക് ആസിഡ് നിലകളെ നിയന്ത്രിക്കുന്നതിന് നിര്‍ണായകമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.