തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ടി.പി വധക്കേസില്‍ പ്രതിയായിരുന്ന ആളും. ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാളുടെ ഇരു കൈകളും നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇത് രമീഷാണെന്നും സൂചനയുണ്ട്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ മാഹി സ്വദേശികളായ എം.റമീഷ്, ഭീരജ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന പി.എം രമീഷ്,  ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 24ാം പ്രതിയായിരുന്നു. അഴിയൂര്‍ സ്വദേശിയായ രമീഷിനതിരെ തെളിവ് ലഭിക്കാത്തതോടെ കോടതി വെറുതെവിടുകയായിരുന്നു. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.