ന്യൂഡല്‍ഹി: പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടുടമയുടെ മകനും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകന്‍ പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ഇയാളുടെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പീഡനം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ പീഡനവിവരം വെളിപ്പെടുത്തുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസിലെ നാല് പ്രതികളേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കല്യാണ്‍ വാസിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.