ലണ്ടന്‍: ചൈനക്കും റഷ്യക്കും രൂക്ഷ വിര്‍ശനമുന്നയിച്ചുകൊണ്ട് ഗ്രൂപ്പ് സെവന്‍ (ജി 7) ഉച്ചകോടിക്ക് സമാപനം. ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്നും ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുമാണ് ഇരു രാജ്യങ്ങള്‍ക്കു നേരെ ജി 7 ഉച്ചകോടി വിമര്‍ശനമുന്നയിച്ചത്. തായ്‌വാനും ഉക്രെയിനും പിന്തുണയും യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒപെക് എണ്ണ വില പോലുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി 1975 ല്‍ സ്ഥാപിതമായ ജി 7 ഇത്തവണ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ഇടപെടലുകളും കോവിഡ് വ്യാപനത്തെയുമായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ലണ്ടനില്‍ ജി 7 വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. തുടര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താനയിലാണ് റഷ്യയെയും ചൈനയെയും രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചത്. റഷ്യ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചൈന മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്‍പന്തില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്‍ സാമ്പത്തിക സ്വാധീനം ചെലുത്തുകയാണെന്നും അവര്‍ ആരോപിച്ചു. ചൈനയുടെ നിര്‍ബന്ധിത സാമ്പത്തിക നയങ്ങള്‍ തടയുന്നതിനും റഷ്യയുടെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് കരുത്തു പകരാനും ജി 7 കൂട്ടായ്മ ഉറപ്പ് നല്‍കി.