Video Stories
ലോകം ഗാന്ധിജിക്കൊപ്പമാണ് ഗോദ്സെ കുറ്റവാളി മാത്രം
പി. ഇസ്മായില്‍ വയനാ
മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്‍ക്കി, ഫലസ്തീന്, ഉസ്ബക്കിസ്ഥാന്, ലബനോന്‍, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ലോകം അയവിറക്കുമ്പോള്‍ ഗാന്ധി പിറന്ന നാട്ടില്‍ സംഘ്പരിവാരങ്ങള്‍ അദ്ദേഹത്തെനിന്ദിക്കാന്‍ മത്സരിക്കുകയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു ഹിന്ദു മഹാസഭ നേതാവ് പൂജശകുന്‍ പാണ്ഡയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി മഹാത്മാവിനെ വധിച്ചത്. 1948 മുതല്‍ മധ്യപ്രദേശിലെ ലക്ഷമണ് ബാഗ് സന്‍സ്താനിലെ ബാപ്പു ഭവനില്‍ സൂക്ഷിച്ചുവരുന്ന അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷ്ടിക്കാനും രാജ്യദ്രോഹി എന്നെഴുതിവെക്കാനും ജന്മദിനത്തില് ആളുകളുണ്ടായി.
ഗുജറാത്തിലെ സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനക്ക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ഒന്‍പതാം ക്ലാസിലെ പരീക്ഷാചോദ്യപേപ്പറില്‍ ഗാന്ധി എങ്ങിനെ ആത്മഹത്യ ചെയ്തു എന്ന ചോദ്യമുണ്ടായതും യാദൃച്ഛിക സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും നേരിട്ട് ഗാന്ധി നിന്ദ നടത്തുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്ക്കാരം തുടര്‍ച്ചയായ നാല് വര്‍ഷമാണ് വിതരണം ചെയ്യുന്നതില്‍ വിമുഖത കാട്ടിയത്. നോബേല്‍ സമ്മാനത്തോട് കിടപിടിക്കുന്ന ഒന്നായാണ് ലോകം ഗാന്ധി സമാധാന പുരസ്ക്കാരത്തെ നോക്കികാണുന്നത്. ഗാന്ധിയുടെ 125ാം ജന്മദിനം കൊണ്ടാടിയ 1995ലാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. മോദി ഭരണം കയ്യാളിയ 2015, 2016, 2017, 2018 തുടങ്ങിയ വര്‍ഷങ്ങളില്‍ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിതരണം സാധ്യമാവാതിരുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കാരണം നിരത്തിയത്. കോര്പറേറ്ററുകളുടെ ലക്ഷം കോടി കടം എഴുതിതള്ളിയവര്‍ക്കും പട്ടേല്‍ പ്രതിമക്കായി 3000 കോടി വിനിയോഗഗിച്ചവര്‍ക്കും ഗാന്ധി പുരസ്ക്കാരത്തിനായി വര്‍ഷം ഒരു കോടി മാറ്റിവെക്കാന്‍ കഴിയാതെ പോയത് സാമ്പത്തിക പരാധീനതയല്ല, മറിച്ച് ഗാന്ധി വിരോധം കൊണ്ടുള്ള ഉദാസീനത മാത്രമായിരുന്നു. ശക്തമായപ്രതിഷേധത്തെ തുടര്‍ന്ന് നാല് വര്‍ഷത്തെ അവാര്‍ഡുകള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മനമില്ലാമനസ്സോടെ വിതരണം ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധതിരാവുകയായിരുന്നു.
കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ വാര്‍ഷിക കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഗാന്ധിജിയുടെ സുപ്രസിദ്ധമായ നൂല്‍നൂല്‍ക്കുന്ന ചിത്രത്തിന് പകരം മോദി നൂല്‍നൂല്‍ക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തിലാണ് തിരുകി കയറ്റിയത്. ചര്‍ക്ക, ഖാദി തുടങ്ങിയ ഗാന്ധിയുടെ സമരരൂപങ്ങള്‍ കവര്‍ച്ച ചെയ്തുകൊണ്ടുള്ള മോദിയുടെ വേഷം കെട്ടിലിന് ഇന്നത്തെ കാലത്ത് ഗാന്ധിയേക്കാളും മോദിക്കാണ് വിപണന സാധ്യതയെന്ന ലജ്ജാവഹമായ തരത്തിലായിരുന്നു കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖര്‍ അന്ന് വിശദീകരണം നല്‍കിയത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന മോദി ട്രംപിന്റെ തെറ്റ് തിരുത്താന്‍ തയ്യാറായില്ല. മോദിയെ രാഷ്ട്രപിതാവായി കാണാന്‍ കഴിയാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഇതോടനുബന്ധിച്ച് പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെയോ തനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് രാഷ്ട്രപിതാവ് എന്ന് വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫെഡ്നാവിസിനെയോ തിരുത്തിപ്പിക്കാനും മോദി ഇന്നോളം ശ്രമിച്ചിട്ടില്ല.
രാഷ്ട്രപിതാവായ ഗാന്ധിയെ നിന്ദിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോദ്സെയെ പൂജിക്കുന്നവരുടെയും പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ പലപ്പോഴായി ഭരണകൂടം മടി കാട്ടുകയാണ്. ‘ഗോദ്സെ ഒരാളെ കൊന്നു. കസബ് 74 പേരെയും രാജീവ് ഗാന്ധി 17000 പേരെയും കൊന്നു. ആരാണ് ക്രൂരന് എന്ന് നിങ്ങള്‍ വിലയിരുത്തണം’. വിഷലിപ്തമായ പ്രസ്താവന നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെ എം.പിയാക്കിയതും തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷനാക്കി വാഴ്ത്തിയതും മോദി – അമിത്ഷാ കുട്ടുകെട്ടായിരുന്നു. ഗോദ്സെയാണ് യഥാര്‍ത്ഥ ദേശസ്നേഹിയെന്നാവര്‍ത്തിച്ച പ്രജ്ഞാസിങ് ഠാക്കൂറിന് പാര്‍ലമെന്റിലേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നന്ദി ഗോദ്സെ 30.1.1948 എന്ന് ട്വീറ്റ് ചെയ്ത് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിച്ച നിധി ചൗധരി ഐ.എ.എസിന് സ്ഥാനചലനം സംഭവിക്കാത്തവിധം കസേര ഉറപ്പിച്ചതും ഗാന്ധി പാക്കിസ്താന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ അനില്‍ സൗമിത്രക്ക് കയ്യാമം വീഴാതെ രക്ഷപ്പെട്ടതുമെല്ലാം ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ മൂലമാണ്.
ഇന്ത്യയിലെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്നം ഗാന്ധി വധക്കേസിലെ ഏഴാം പ്രതിയായിരുന്ന സവര്‍ക്കറിന് നല്കി വന്ദിക്കാനുള്ള ആലോചനയിലാണിപ്പോള്‍ ബി.ജെ. പി നേതൃത്വം മുഴുകിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്ത ബി.ജെ.പിക്കാര്‍ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്നമെന്നത് മുഖ്യ വാഗ്ദാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യാ വിഭജനത്തിന് വിത്തുപാകി ദ്വിരാഷ്ട്ര വാദം ആദ്യമായി മുഴക്കിയത് ഹിന്ദുമഹാസഭയുടെ സ്ഥാപകന്‍കൂടിയായ വിനായക് ദാമോദര്‍ സവര്‍ക്കറായിരുന്നു. 1923 ലാണ് ഹിന്ദുത്വ എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്. ഈ ചിന്തയിലൂന്നിയാണ് ആര്.എസ്.എസിന്റെ കാഴ്ചപാടുകള്‍ ഉരവംകൊണ്ടത്.
ജയില്‍ മോചിതനാകുന്നതിനായി ബ്രട്ടീഷുകാര്‍ക്ക് മുന്നില്‍ 1913, 1920, 1921 എന്നീ വര്‍ഷങ്ങളിലായി ആറ് തവണയാണ് അദ്ദേഹം മാപ്പപേക്ഷ എഴുതികൊടുത്തിട്ടുള്ളത്. ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കിമാറ്റാന്‍ ശിഷ്ടകാലം ചിലവഴിക്കും എന്ന വ്യവസ്ഥയിലാണ് 1924ല്‍ ജയില്‍ മോചിതനായത്. 1942 ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത പൈതൃകത്തിനുടമയായ സവര്‍ക്കറും ഗോദ്സെയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നില നിന്നിരുന്നത്. സവര്‍ക്കറുടെ അനുഗ്രഹാശിസ്സുകളോടെ ഗോദ്സെ ആരംഭിച്ച അഗ്രാണി എന്ന പത്രമാണ് പിന്നീട് ഹിന്ദു രാഷ്ട്രയായി മാറിയത്. സവര്‍ക്കര്‍ എഴുതിയ ഹിന്ദുത്വ എന്ന ഗ്രന്ഥം ഗോദ്സെയുടെ ഇഷ്ട പുസ്തകമായിരുന്നു. വികാരത്തിന്റെ ഫലം എന്നാണ് ഗാന്ധിവധത്തെകുറിച്ച് സവര്‍ക്കര്‍ പ്രതികരിച്ചത്. ഗാന്ധിയുടെ മതേതര വീക്ഷണമാണ് സവര്‍ക്കരുടെയും സംഘ്പരിവാരങ്ങളുടെയും വിരോധത്തിനടിസ്ഥാനം. എല്ലാ മത വിശ്വാസികളെയും ചേര്‍ത്ത്പിടിക്കുന്ന വിശാലമായ ചിന്താഗതിയുടെ പ്രചാരകനായിരുന്നു ഗാന്ധി. തങ്ങളുടെ ഹിന്ദുത്വരാഷ്ട്രം എന്ന അജണ്ടയുടെ മുനയൊടിച്ചത് ഭാരതീയന്റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഗാന്ധിജിയുടെ മതേതര ചിന്തകളാണ്. അക്കാരണത്താലാണ് 1948 ജനുവരി 30 ന് ഗാന്ധിയെ വധിച്ചത്.
രക്തസാക്ഷിത്വത്തിന്റെ എഴുപത് വര്ഷങ്ങള്ക്ക്ശേഷവും ഗാന്ധിയന്‍ ആശയങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതും ഗോദ്സെയുടെ പേരില്‍ ക്ഷേത്രം പണിയുന്നതും ഗാന്ധി വിരുദ്ധര്‍ക്ക് പരമോന്നത ബഹുമതികള്‍ തൂക്കിവില്‍ക്കുന്നതുമെല്ലാം ദുഷ്ട ചിന്താഗതിയുടെ ഭാഗമാണ്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ അംഗങ്ങള്‍ നാഥുറാം വിനായക് ഗോദ്സെ എന്ന് ഉച്ചരിച്ചാല്‍ അത് ഔദ്യോഗിക രേഖകളില്‍നിന്ന് നീക്കംചെയ്യും. 1956 ലാണ് ഗോദ്സെയുടെ പേരുച്ചരിക്കുന്നതിന് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. ഗാന്ധിയുടെ ഘാതകനെ അത്രത്തോളം അറുപ്പും വെറുപ്പോ ടെ യുമാണ് രാഷ്ട്രശില്പികള് നോക്കികണ്ടത്. ഗോദ്സെയെ രാജ്യസ്നേഹിയായി പ്രഖ്യാ പിക്കുന്നതും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും കടുത്ത രാജ്യദ്രോഹ കുറ്റമാണ്. ഗാന്ധി നിന്ദകരെ കല്‍തുറങ്കിലടക്കുംവിധമുള്ള നിയമനിര്‍മാണങ്ങള്‍ക്കായി ഗാന്ധി സ്നേഹികള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഗാന്ധിയെ ഫാസിസ്റ്റുകള്‍ എത്രമാത്രം നിഷ്കാസിതനാക്കാന്‍ ശ്രമിച്ചാലും മതേതരത്വത്തിന്റെ ജീവവായു ശ്വസിക്കുന്നവര്‍ അതിനെ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് മോദിയുടെ തട്ടകത്തില്‍നിന്നും ഉയര്‍ന്നുവന്ന ആയുഷ് ചതുര്‍വേദി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗം. വാരാണസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആയുഷ് ചതുര്‍വേദി ഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് സ്കൂളില്‍ നടത്തിയ പ്രസംഗത്തില്‍ ഗോദ്സെ യുഗത്തില്‍ ഞാന്‍ ഗാന്ധിക്കൊപ്പമാണ് എന്നായിരുന്നു ഉറക്കെ പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ കാലാവസ്ഥ ഉച്ചകോടിയിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പേടിപ്പിച്ചത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗമായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയുഷിന്റെ പ്രസംഗമാണിപ്പോള്‍ മോദിയുടെ ഉറക്കം കെടുത്തിയതും. ആയുഷ് ചതുര്‍വേദി ഒറ്റക്കല്ല ഭാരതത്തിലെ ജനകോടികളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നതും ഞങ്ങളും ഗാന്ധിക്കൊപ്പമെന്നാണ്.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

