ന്യൂയോര്‍ക്ക്: കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ ലഹരി വസ്തുക്കളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നാര്‍ക്കോട്ടിക്‌സ് കമ്മിഷന്റെ നീക്കത്തിനാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.

മാരക ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി കഞ്ചാവിനെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന്റെ നടപടി.

ഷെഡ്യൂള്‍ നാലില്‍ നിന്ന് കഞ്ചാവിനെ മാറ്റുന്നതില്‍ അമേരിക്കയും, ബ്രിട്ടനുമാണ് മുന്‍കൈയെടുത്തത്. ചൈന, റഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തു. നിരവധി മരുന്നുകള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നു എന്നതിനാല്‍ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റണം എന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.

53 അംഗരാജ്യങ്ങളില്‍ 27 പേരും കഞ്ചാവ് മയക്കുമരുന്നല്ല എന്ന വാദത്തെ പിന്തുണച്ചാണ് വോട്ട് ചെയ്തത്. യുഎന്നിലെ വോട്ടെടുപ്പിന് പിന്നാലെ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന യുഎസിലെ കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നു.