കൊല്‍ക്കത്ത: സമര്‍ഥരായ കുഞ്ഞുങ്ങളെ എങ്ങനെ ഗര്‍ഭം ധരിക്കാമെന്ന് പഠിപ്പിക്കാന്‍ ശില്പശാലയൊരുക്കി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ആരോഗ്യ വിഭാഗമായ ‘ആരോഗ്യഭാരതി’യാണ് ദമ്പതികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നത്. അതേസമയം, ആരോഗ്യഭാരതി നടത്തിയ വര്‍ക്ക ഷോപ്പുകളുടെ ശാസ്ത്രീയത തെളിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു.

പശ്ചിമബംഗാളില്‍ ‘ഗര്‍ഭ സന്‍സ്‌കാര്‍’എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളിലാണ് സമര്‍ഥരായ കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗ നിര്‍ദേശം നല്‍കിയത്. പരമ്പരാഗത ഗര്‍ഭധാരണ രീതികളാണ് സന്‍സ്‌കാര്‍ സമര്‍ഥരായ കുഞ്ഞുങ്ങളുണ്ടാവാന്‍ ഉപദേശിക്കുന്നത്. ഈ ക്ലാസിന്റെ ശാസ്ത്രീയത ചോദ്യം ചെയ്താണ് കൊല്‍ക്കത്ത ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യഭാരതിക്ക് ശാസ്ത്രീയമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് പശ്ചിമബംഗാള്‍ ശിശു സംരക്ഷണ കമ്മീഷന്‍ ഓഫീസര്‍ നസീബ് ഖാന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലാണ് സമര്‍ഥരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള ക്ലാസ് എന്ന പദ്ധതി ആദ്യമായി ആരംഭിച്ചത്. പീന്നീട് 2015ല്‍ ഇത് ദേശീയ വ്യാപകമായി നടത്താന്‍ തുടങ്ങി. 2020 ആവുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് സമര്‍ഥരായ കുഞ്ഞുങ്ങള്‍ എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല അധ്യാപകനായ ഡോ.കൃഷ്മ നര്‍വിനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജര്‍മനിയില്‍ നിന്ന് കടംകൊണ്ടതാണ് ഈ പദ്ധതിയെന്നാണ് ഇവര്‍ വാദിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആയുര്‍വേദത്തിന്റെ സഹായത്തോടെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാണ് ജര്‍മനിയിലെ കുട്ടികള്‍ എന്നാണ് അവകാശവാദം.

കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന ആരോഗ്യഭാരതി 10 വര്‍ഷം കൊണ്ട് 450 കുട്ടികള്‍ ഇപ്രകാരം പിറന്നുകഴിഞ്ഞുവെന്നും പറയുന്നു.

കൊല്‍ക്കത്തയില്‍ ആരോഗ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ പരിശീലന ശിബിരം നടത്താന്‍ തീരുമാനിച്ചതോടെയാണ് സംഭവം വിവാദമായത്. പദ്ധതിക്കെതിരെ പശ്ചിമബംഗാളിലെ ശിശു അവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കോടതിയെ സമീപിച്ചു. ഇവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഗര്‍ഭ സന്‍സ്‌കാറിന്റെ ശാസ്ത്രീയത ചോദ്യം ചെയ്തിരുന്നു. ഈ കേസിലാണ് കോടതിയും ശാസ്ത്രീയത തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.