ന്യൂഡല്‍ഹി: മന്ത്രിഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണവുമായി രംഗത്ത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനില്‍ നിന്ന് കെജ്‌രിവാള്‍ രണ്ടു കോടി രൂപ വാങ്ങുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്നാണ് കപില്‍ മിശ്ര ആരോപിക്കുന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക മുന്നിലാണ് കപില്‍ മിശ്ര കോഴ ആരോപണം നടത്തിയത്.

കോഴ വാങ്ങുന്നതിന് സാക്ഷിയായ താന്‍ അതിനെ ചോദ്യം ചെയ്തത് കൊണ്ടാണ് തന്നെ മന്ത്രിസഭയില്‍ നിന്ന പുറത്താക്കിയതെന്ന് മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തില്‍ വിശദീകരിക്കാനാവാത്ത പലതുമുണ്ടെന്നായിരുന്നു കെജ്‌രിവാള്‍ തനിക്ക് മറുപടി നല്‍കിയതെന്ന് കപില്‍ മിശ്ര പറഞ്ഞു. ആരോപണമുന്നയിച്ചതിന് പുറമെ കോഴയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഏത് ഏജന്‍സിക്കും നല്‍കാന്‍ തയാറാണെന്നും കപില്‍ പറഞ്ഞു.

കെജ്‌രിവാളിന്റെ ബന്ധുവിന് വേണ്ടി 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് വെളിപ്പെടുത്തിയതായി കപില്‍ മിശ്ര തുറന്നടിച്ചു. കോഴയുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കപില്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ബിരുദ വിവാദത്തെ തുടര്‍ന്ന് ജിതേന്ദര്‍ സിങ് തോമറിനെ നീക്കിയതിന് ശേഷമാണ് കപില്‍ മിശ്ര മന്ത്രിയായത്. പാര്‍ട്ടിയിലുണ്ടായ ഉള്‍പ്പോരില്‍ കുമാര്‍ വിശ്വാസിന്റെ പക്ഷം പിടിച്ചതാണ് കപില്‍ മിശ്രയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്നാണ് രഹസ്യ സംസാരം. അതേസമയം, വാട്ടര്‍ ടാങ്കുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കണക്കുകളില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരിലാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്ന് കെജ്‌രിവാള്‍ ക്യാമ്പ് അറിയിച്ചിരുന്നു.