ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആദ്യമുണ്ടായിരുന്ന 21 ഉദ്യോഗസ്ഥരടക്കം അന്വേഷണ സംഘത്തില്‍ 65 പേരാണുള്ളത്. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയോളമാകാറായിട്ടും സി.സി.ടി.വി ദൃശ്യങ്ങളല്ലാതെ കൊലയാളിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.