മുംബൈ: ഛത്തീസ്ഗഡിലെ സുകുമ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ മക്കളുടെ പഠനചെലവ് ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീറിന്റെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ആയിരിക്കും ഇതിനുള്ള ചെലവ് വഹിക്കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 25 സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഏഴ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാവോ ആക്രമണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന കരളലിയിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരണയായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കോളത്തില്‍ ഗംഭീര്‍ പറയുന്നു.