കൊച്ചി: തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പറയാതെ വയ്യ,

തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്‌ഫോടനത്മകമായ സന്ദര്‍ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്‌ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്‌ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കും.