columns
ഒരുങ്ങാം, ഒരുക്കാം- ടി.എച്ച് ദാരിമി
ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാനിരതനാകുന്ന സന്ദര്‍ഭമാണ് റമസാന്‍. നോമ്പും നമസ്കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്കാരവും. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.
ടി.എച്ച് ദാരിമി
പരിശുദ്ധ റമസാന്‍ മാസം വിളിപ്പാടകലെയെന്നോണം എത്തിനില്‍ക്കുകയാണ്. അല്ലാഹു തന്റെ അടിമകള്‍ക്കുമുമ്പില്‍ ഉദാരതയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുന്ന മാസമാണ് റമസാന്‍. മനുഷ്യന്റെ അകവും പുറവും ഒരേ പോലെ റമസാന്‍ കഴുകിയെടുക്കുന്നു. ഗതകാലത്ത് സംഭവിച്ചുപോയ എല്ലാ തിന്മകളും മായ്ച്ചുകളയാനും അവിടം മുഴുവന്‍ പ്രതിഫലം നിറക്കാനും അല്ലാഹു അവസരം തുറന്നിടുന്നു. ഒപ്പം കോപം, ക്രോധം, വിദ്വേഷം, വിരോധം തുടങ്ങി എല്ലാ മാനസിക അസുഖങ്ങളെയും മാറ്റി അവിടം സ്നേഹം, വിധേയത്വം, സഹനം, സമഭാവം തുടങ്ങിയ മഹാഗുണങ്ങള്‍ നിറക്കാന്‍ അവസരമേകുന്നു. അതിനൊപ്പം ശരീരത്തില്‍ അടിഞ്ഞുകൂടിയ മേഛ രസങ്ങളെയും കൊഴുപ്പുകളെയും കുറച്ചു കൊണ്ടുവന്ന് ആരോഗ്യത്തെ പുനരൂര്ജ്ജപ്പെടുത്താന് വ്രതം വഴിയായിത്തീരുന്നു. ഇങ്ങനെയാണ് റമസാന്‍ വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമായിത്തീരുന്നത്. ഈ സൗഭാഗ്യ മുഹൂര്‍ത്തത്തെ വേണ്ടവിധം സ്വീകരിക്കുന്നതും അതിനുവേണ്ടി ഒരുങ്ങിയും ഒരുക്കിയും തയ്യാറാകുന്നതുമെല്ലാം ഈ കടാക്ഷത്തോടുള്ള നന്ദിയാണ്. വേണ്ടവിധം ഒരുങ്ങിയും ഒരുക്കിയും ഈ സുവര്‍ണാവസരത്തെ വരവേല്ക്കുമ്പോള് സൗഭാഗ്യത്തിന് നാം പ്രത്യേക പരിഗണനയും വിലയും കല്‍പ്പിക്കുന്നതായി അതു പ്രദാനം ചെയ്ത സ്രഷ്ടാവിനെ ബോധ്യപ്പെടുത്താനും കഴിയും. മാത്രമല്ല, അത് വന്നണയുമ്പോഴാവട്ടെ വേണ്ടവിധം അതിനെ ആചരിക്കാനും അനുഷ്ഠിക്കാനും വേണ്ട മനസ്സുണര്വ് നേടാനും വിശ്വാസികള്‍ക്ക് കഴിയും. ഇതെല്ലാം കാരണമാണ് സച്ചരിതരായ വിശ്വാസികള്‍ റമസാനിനു വേണ്ടി ദീര്‍ഘമായ കാത്തിരിപ്പും ഒരുക്കങ്ങളും നടത്തിയിരുന്നത്. റജബും ശഅ്ബാനും രണ്ടു മാസങ്ങള്‍ അവര്‍ക്ക് റമസാന്‍ ഒരുക്കങ്ങളുടെ കാലമായിരുന്നു. റജബില്‍ ശരീരവും ശഅ്ബാനില്‍ മനസും ശുദ്ധീകരിച്ച് പുണ്യങ്ങുടെ പൂക്കാലത്തിലേക്ക് ആത്മീയ ഉമേഷത്തോടെ കടക്കുമായിരുന്നു അവര്‍.
ശഅ്ബാന്‍ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അത് പരിശുദ്ധ റമസാന്‍ മാസത്തിനെ സ്വീകരിക്കാനുള്ള അവസാന ഒരുക്കങ്ങളുടെ മാസമാണ് എന്നതാണ്. ഇത് ഏറെ പ്രകടമായിരുന്നു നബി(സ) യുടെ ജീവിതത്തില്‍. ഈ മാസത്തെ നബി തങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത് ശരീരത്തെയും മനസിനെയും റമസാനിനു വേണ്ടി ഒരുക്കാന്‍ വേണ്ടിയായിരുന്നു. അതിനായി നബി തങ്ങള്‍ ചെയ്തിരുന്ന മാര്‍ഗം സുന്നത്ത് നോമ്പായിരുന്നു. നബി(സ) ഏറ്റവുമധികം സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആയിഷ(റ) പറയുന്നു (ബുഖാരി). തുടര്‍ച്ചയായി ദിവസങ്ങളോളം നോമ്പനുഷ്ഠിക്കുന്ന പതിവായിരുന്നു നബിയുടേത്. നോമ്പ് തുടങ്ങിയാല്‍ ഇനി ഈ മാസം മുഴുവനും നോമ്പ് നോല്‍ക്കുകയായിരിക്കാം എന്ന് തോന്നിപ്പോകുന്ന അത്രക്കും അത് തുടരുമായിരുന്നു എന്ന് ആയിഷ(റ) തന്നെ പറയുന്നു. ഇതിന് നബി തന്നെ ഒരു കാരണം ബോധിപ്പിക്കുന്നുണ്ട്. ഇമാം അഹ്മദ്(റ) ഉസാമ ബിന്‍ സൈദ്(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ അദ്ദേഹം നബി തങ്ങളോട് നേരിട്ട് ചോദിക്കുന്നുണ്ട്, എന്താണ് നബിയേ, താങ്കള്‍ ഈ മാസത്തില്‍ ഇത്രയധികം നോമ്പ് നോല്‍ക്കുന്നത് എന്ന്. അതിന് മറുപടിയായി നബി തങ്ങള്‍ പറഞ്ഞു: അത് പൊതുവെ റജബിനും റമസാനിനുമിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ്. എന്നാല്‍ ഇത് മനുഷ്യന്റെ കര്‍മങ്ങള്‍ ഒക്കെയും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ്. നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
മനസിനെയും ശരീരത്തെയും ഇത്രമേല്‍ മെരുക്കിയെടുക്കാന്‍ നോമ്പിനോളം കഴിയുന്ന ആരാധന മറ്റൊന്നുമില്ലല്ലോ. അതുകൊണ്ടാണ് നബി തിരുമേനിയുടെ റമസാന്‍ ഒരുക്കങ്ങള്‍ നോമ്പായത്. അതിനാല്‍ വിശ്വാസികള്‍ക്ക് ഈ മാസത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ കാര്യത്തില്‍ നബിതിരുമേനി നല്കിയ ഏറ്റവും വലിയ സന്ദേശവും സുന്നത്തു നോമ്പുകള്‍ അധികരിപ്പിക്കുക എന്നതാണ്. ഇതോടൊപ്പം ഈ മാസത്തിന് മറ്റൊരു സവിശേഷതകൂടി ഉണ്ട്. അത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്. ബറാഅത്ത് രാവ് എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഈ രാവ് ഏറെ സവിശേഷമാണ്. അല്ലാഹു വളരെ താല്പര്യത്തോടെ തന്റെ അടിമകളിലേക്ക് തന്റെ കാര്യണ്യവുമായി ഇറങ്ങിവരുന്ന രാവാണിത്. എന്നിട്ട് അതീവ ഗുരുതരങ്ങളല്ലാത്ത എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. ഈ കാര്യത്തില്‍ നിരവധി സ്വഹീഹായ ഹദീസുകള്‍ കാണാം. മുശ്രിക്കോ മറ്റുള്ളവരുമായി മാനസപ്പൊരുത്തമില്ലാത്തവരോ ആയ എല്ലാവര്ക്കും അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കും എന്നതില്‍ ഈ ഹദീസുകള്‍ ഏകകണ്ഠമാണ്. ഈ പ്രപഞ്ചത്തില്‍ അല്ലാഹു തന്റെ അടിമയോട് കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യവും ദയയും ആ അടിമ തന്നോട് ചെയ്യുന്ന നിന്ദയും പാപവും പൊറുക്കുക എന്നത് തന്നെയാണ്. അതു പൊറുക്കപ്പെടുന്നതോടെ അടിമ അല്ലാഹുവിന്റെ സാമീപ്യം നേടുന്നു. പിന്നീട് മുമ്പിലുള്ള ജീവിത ഘട്ടങ്ങളിലെല്ലാം അവന് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലായിരിക്കും. ഇത് കൊണ്ടാണ് ബറാഅത്ത് രാവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് പറയുന്നത്. ഇത്രയും വലിയ ഔദാര്യത്തെ അടിമ സ്വീകരിക്കേണ്ടത് വിനയാന്വിതനായും നന്ദിയുള്ളവനായുമാണ്. അങ്ങനെ വിനയവും വിധേയത്വവും കാണിക്കാന്‍ ഏറ്റവും തീവ്രതയുള്ള ഒരു ആരാധന തന്നെ ചെയ്യേണ്ടതുണ്ട്. അതിന് ഏറെ അനുഗുണവും അനുയോജ്യവുമാണ് നോമ്പ്. അതില്‍ സൃഷ്ടി സ്രഷ്ടാവില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.
റമസാനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ആദ്യ പടി റമസാന്‍ മാസത്തെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിനെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അതു മനസ്സില്‍ ഉറപ്പിക്കുകയാണ് വേണ്ടത്. അപ്പോഴാണ് അതിനു വേണ്ടി മനസ്സും ശരീരവും ശരിക്കും തയ്യാറെടുക്കുക. ഇവ്വിധം ഒരു തയ്യാറെടുപ്പ് ഉണ്ടായിരിക്കാന്‍ വേണ്ടിയാണ് ഒരു ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം പ്രവാചക തിരുമേനി(സ) അനുചരന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞത്: അല്ലയോ ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. അനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയുണ്ട് ആ മാസത്തില്‍. വ്രതാനുഷ്ഠാനം (അല്ലാഹു) നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ മാസമാണത്.. സല്‍കര്‍മ്മങ്ങളില്‍ മുന്നേറുകയും അവ ശരീരത്തെയും മനസ്സിനെയും ശീലിപ്പിക്കുകയും ചെയ്യുകയാണ് ഒരുക്കങ്ങളില്‍ മറ്റൊന്ന്.
റമസാന്‍ മാസത്തിലെ സല്‍കര്‍മങ്ങളെക്കുറിച്ചും നിഷ്കളങ്കമായി ദൈവ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും പ്രവാചക വചനങ്ങളില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ റമസാന്‍ മാസത്തിന്മുമ്പേ തന്നെ അത്തരം സല്‍കര്‍മ്മങ്ങള്‍, നമ്മുടെ പതിവു ശീലത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളില്‍ ഒരാള്‍ എത്രകണ്ട് വ്യാപൃതനാകുന്നുവോ അത്രകണ്ട് അല്ലാഹു അവനെ നേര്‍മാഗത്തിലേക്ക് നയിക്കും. ഈ മാസത്തിലെ പൊതുവായ പുണ്യകര്‍മ്മങ്ങള്‍ വിശ്വാസികളില്‍ നിഷ്കളങ്കതയും ആത്മവിശ്വാസവും ഇച്ഛാശക്തിയും പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ദൈവ പ്രീതി നേടാന്‍ വേണ്ട ത്യാഗങ്ങള്‍ ചെയ്യുവാന്‍ കൂടുതല്‍ പ്രാപ്തനാക്കുകയും ചെയ്യും. റമസാന്‍ ഉദാരതയുടെ മാസമാണ്. മനുഷ്യന്റെ വേദനയും വിശപ്പും ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്ന മാസം. പാവപ്പെട്ടവന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കി അവരോട് ഉദാരത കാണിച്ച് പുണ്യങ്ങള്‍ നേടാനുള്ള മാസമാണിത്. ദാന ധര്‍മ്മങ്ങള്‍ തുടങ്ങിയവക്ക് ഈ മാസത്തില്‍ പ്രത്യേക പരിഗണനയും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് അത് കൊണ്ടാണ്. ഈ മാസത്തില്‍ പ്രവാചകന് തിരുമേനി ഏറെ ഉദാരനായിരുന്നു. ഹദീസില്‍ കാണാം, ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമസാന്‍ മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു എന്ന് (ബുഖാരി).
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമസാന്‍ മാസം. ഇത് സാന്ത്വനത്തിന്റെ മാസമാണ് എന്ന് ഉപരിസൂചിത ഹദീസില്‍ തന്നെ നബി(സ) പറയുന്നുണ്ട്. ദാന ധര്‍മങ്ങള്‍ മനുഷ്യന്റെ തെറ്റുകളെ കഴുകിക്കളയുകയും ഹൃദയത്തിലെ അഹങ്കാരത്തിന്റെ തോത് കുറച്ച് കൊണ്ട് വരികയും ചെയ്യും. റമസാന്‍ ഒരുക്കങ്ങളുടെ ഭാഗമായി അത് ആഗതമാവുന്നതിന് മുമ്പ് തന്നെ ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് റമസാനില്‍ അങ്ങനെ ചെയ്യാന്‍ സഹായകമാകും. റമസാന്‍ ഒരുക്കങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൗബ എന്ന പശ്ചാതാപം. നിലവിലുള്ള എല്ലാ പാപക്കറയും കഴുകിക്കളഞ്ഞ് തെളിഞ്ഞ മാനസവുമായി റമസാനിലേക്ക് കടക്കുമ്പോള്‍ അത് ആത്മീയ സമ്പാദനത്തിന് വലിയ സഹായമാകും. കാരണം, സ്വര്‍ഗ കവാടങ്ങള്‍ സല്‍കര്‍മ്മികള്‍ക്കായി തുറക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്കായിരിക്കും ദൈവാനുഗ്രഹങ്ങള്‍ അധികമായി സ്വരുക്കൂട്ടാനാവുക. റമസാന്‍ വരുന്നതിന് മുമ്പു തന്നെ, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി ഹൃദത്തെ ശുദ്ധീകരിച്ചവന് പരിശുദ്ധ റമസാനെ കൂടുതല്‍ അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്താന്‍ കഴിയും. പശ്ചാത്താപത്തിനുള്ള അവസരവും അതിന്റെ ഫലവും മറ്റു മാസങ്ങളേക്കാള്‍ അതില്‍ ശ്രേഷ്ഠവുമാണെന്നിരിക്കെ വിശേഷിച്ചും. വിശുദ്ധ റമസാനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഖുര്‍ആനിന്റെ മാസമാണ് എന്നതാണല്ലോ. ഒരര്‍ഥത്തില്‍ അനുഗ്രഹീതമായ ഖുര്‍ആന്‍ തന്നതിനുള്ള നന്ദി കൂടിയാണ് റമസാന്‍ വ്രതം. അതിനാല്‍ റമസാന്‍ മുഴുവന്‍ ഖുര്‍ആനിനു വേണ്ടി സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ് സത്യവിശ്വാസി. ഇതിനു വേണ്ട പരിശീലനം തുടങ്ങേണ്ടത് ഈ ഒരുക്കങ്ങളില്‍ പെടുന്നു. റമസാന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മൂന്ന് തലത്തില്‍ നടത്തണമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനമാണ്. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമസാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഇത്തവണത്തെ റമസാന്‍ എങ്ങനെയാവണം, എന്തെല്ലാം അതില്‍ നേടിയെടുക്കണം എന്നെല്ലാം ഓരോ വിശ്വാസിയും നേരത്തെ മനസ്സാ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമസാന്‍ ഭാരമായി അനുഭവപ്പെടുന്നത്. രണ്ടാമത്തേത്, ശാരീരികമായ മുന്നൊരുക്കമാണ്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്നവിധത്തില്‍ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവന്‍ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും റമസാന്‍ നോമ്പനുഷ്ഠിക്കാന്‍ വേണ്ട പരിശീലനം നേടുന്നു. മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്. ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാനിരതനാകുന്ന സന്ദര്‍ഭമാണ് റമസാന്‍. നോമ്പും നമസ്കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്കാരവും. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india22 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

