കൊണ്ടോട്ടി: മലപ്പുറത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. നെടിയിരുപ്പ് കൈതക്കോട് പി ആലിക്കുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന(15)യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുക്കൂട് പാലേക്കോട് പി.കെ മുഹമ്മദ് ഷഫീഖിന്റെ മകള്‍ പി.കെ ഷഹന ജബിന്‍ (15), മുക്കൂട് പുളിക്കല്‍ അലവിയുടെ മകള്‍ റിന്‍ഷിന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മൂവരും കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം. നാട്ടുകാര്‍ ഉടനെ കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ ഫര്‍സാനയെ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഷഹന ജബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ഫാത്തിമ ഫര്‍സാനയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.