പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിനെതിരെ വീണ്ടും ശിവസേന രംഗത്ത്. അഴിമതിക്കാരായ ബിജെപിക്കാരുടെ ഭരണം സംസ്ഥാനത്ത് ഉടന്‍ അവസാനിക്കുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികം മുന്നോട്ടു പോകില്ല. കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് പരീക്കര്‍ ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ വന്നതു തന്നെ വലിയ അബദ്ധമാണെന്നും ഭരണം ഏതു നിമിഷവും അവസാനിച്ചേക്കുമെന്ന് പരീക്കറിനു തന്നെ അറിയാമെന്നും സജ്ഞയ് റാവത്ത് പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്രാവാദി ഗോമന്ദക് പാര്‍ട്ടിയെയും ഗോവ ഫോര്‍വേഡിനെയും കൂട്ടുപിടിച്ചത് ശരിയായ നടപടിയല്ല. തെരഞ്ഞെടുപ്പു വേളയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തി വിജയിച്ച രണ്ടു പാര്‍ട്ടികളെ സര്‍ക്കാറുണ്ടാക്കിയത് പാര്‍ട്ടിയുടെ അധഃപതനമാണ്. തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമല്ല ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും സജ്ഞയ് ചൂണ്ടിക്കാട്ടി. അതേസമയം ഗോവയില്‍ ശിവസേനയുടെ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് പ്രസിഡന്റ് ഉദ്ദവ് താക്കറെ അടുത്ത മാസം സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.