നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറാംഘട്ട ഗോള്‍ഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ നാലാണ് അവസാന തിയതി.

ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ നിശ്ചയിച്ച വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും.

ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആര്‍ബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു.

അഞ്ചാംഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ബോണ്ടില്‍ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ലോഹക്കണക്കില്‍ വിലയിരുത്തുകയാണെങ്കില്‍ 6.35ടണ്‍ സ്വര്‍ണത്തിന് തുല്യമണിത്. 2015ല്‍ ഗോള്‍ഡ് ബോണ്ട് വില്പന തുടങ്ങിയശേഷം ഇത്രയും നിക്ഷേപമെത്തുന്നത് ഇതാദ്യമായാണ്. സര്‍ക്കാരിനുവേണ്ടി ആര്‍ബിഐ ഇതുവരെ 48.16 ടണ്‍ സ്വര്‍ണത്തിനുതുല്യമായ ബോണ്ടുകളാണ് പുറത്തിറക്കിയിട്ടുളളത്.