ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 2019 ലെ ഭരണസമിതി അംഗങ്ങള്‍ പ്രതിസ്ഥാനത്ത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്തതില്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയിലാണ് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍. കട്ടിള പാളികള്‍ മാറ്റിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ബോര്‍ഡ് അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു. 2019 ലെ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും കട്ടിളപ്പാളി സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പ്രതിയാണ്.
എന്നാല്‍, വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോര്‍ഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും നേരിടാന്‍ തയ്യാറാണ്.വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ നടക്കില്ല.എഫ്‌ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാന്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.