കോഴിക്കോട്: മുക്കംപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍. സംശയ കാരണത്താല്‍ കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിലെ പണയം സ്വര്‍ണം പരിശോധിച്ചതിലൂടെയാണ് തട്ടിപ്പു സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാല്‍ തട്ടിപ്പ് പുറത്താകുംമുന്നേ മുഖ്യപ്രതി പൊലീസിനെ കബിളിപ്പിച്ച് ര്ക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാനായി എത്തിയ സ്ത്രീയില്‍ നിന്നും സ്വര്‍ണം പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാരന്‍ വിശദമായി വീണ്ടും നോക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് സ്വര്‍ണം കൊണ്ടുവന്ന സജിനിയെയും കൂടെ എത്തിയ തസ്‌റീന, മൊയ്തീന്‍കുട്ടി എന്നിവരേയും പിടിച്ചുവെച്ചു. ഇവരെ പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. എന്നാല്‍ സ്‌റ്റേഷനിലെത്തിയ ഇവര്‍ പൊലീസിനെ പറഞ്ഞു പറ്റിക്കുകയും കൂടുതല്‍ അന്വേഷണത്തിന് നിന്നുകൊടുക്കാതെ പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു.

അതിനിടെ ധനകാര്യ സ്ഥാപന അധികൃതര്‍ ഇവര്‍ നേരത്തെ പണയം വച്ച സ്വര്‍ണം പരിശോധിച്ചപ്പോഴാണ് വലിയതട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചെങ്കിലും അപ്പോഴേക്കും പ്രതികളെല്ലാം സ്‌റ്റേഷനില്‍ നിന്നും പോയിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേവായൂര്‍ സ്വദേശി സജിനി, തടമ്പാട്ട്താഴം സ്വദേശി തസ്‌റീന എന്നിവരെ നടക്കാവ് പൊലീസ് പിടികൂടി. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തിരൂര്‍ സ്വദേശിയായ മൊയ്തീന്‍ കുട്ടിയാണ് മുങ്ങിയത്.

സമാനമായ രീതിയില്‍ പലയിടത്തും പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാന്‍ പൊലീസ് പരിശോധന വ്യാപിപ്പിച്ചു. അതേസമയം ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ മുഖ്യപ്രതിയെ കൂടുതല്‍ അന്വേഷണം നടത്താതെ വിട്ടയച്ച പൊലീസ് നടപടിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.