കൊച്ചി: നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്. കെ.ടി റമീസാണ് ഫൈസലിന്റെ പേര് പറഞ്ഞതെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഫൈസലിന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

ഫൈസലിന്റെ ഫോണ്‍ രേഖകളും വാട്‌സ് ആപ്പ് ചാറ്റ് ഹിസ്റ്ററിയും പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്നാണ് പെട്ടന്ന് തന്നെ ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ അടുത്ത ബന്ധുവായ ഫൈസല്‍ റസാഖിന്റെ വിശ്വസ്തനാണ്.

സ്വര്‍ണക്കടത്തുമായി ഫൈസലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം കാരാട്ട് റസാഖിലേക്കും നീങ്ങുമെന്ന് ഉറപ്പായി. കോഴിക്കോട് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്.