കല്‍പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്ന ജില്ലാ ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

മെഡിക്കല്‍ കോളേജുകള്‍ക്ക് ഫണ്ടാനുവദിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടാത്തിനാല്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന അവസ്ഥയാണുള്ളത്. നിലവിലുള്ള മരുന്നുകളുടെയും മറ്റും സ്റ്റോക്ക് കഴിയുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും സാധാരണക്കാരായ രോഗികളുടെ ജീവല്‍ പ്രശ്‌നമായി മാറുകയും ചെയ്യും. ആയതിനാല്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ആശുപത്രിയുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കിയോ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചുപോവാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ കുറ്റകരമായ മൗനം വെടിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ഇരുവരും അറിയിച്ചു