സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനാണ് സ്വകാര്യ കമ്പനിക്ക് പണം നല്‍കിയത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ഒരുകോടി അന്‍പത്തി മൂന്ന് ലക്ഷം രൂപയുടെ കരാര്‍ പി.ആര്‍.ഡി നല്‍കിയിരിക്കുന്നത്.

നേരത്തെ മന്ത്രിസഭ ഇതിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസം തന്നെ തിടുക്കപ്പെട്ട് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

ഉത്തരവിറങ്ങിയാലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചാരണം നിയമവിരുദ്ധമാണ്. എന്നാല്‍ നിയമം കാറ്റില്‍പറത്തി സര്‍ക്കാര്‍ പണം ഉപയോഗിച്ച് പ്രചാരണത്തിനൊരുങ്ങുകയാണ് ഭരണപക്ഷം എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.