കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല ,എല്ലാം കൈവിട്ടു പോയി. ജനത്തെ അവരുടെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആരോഗ്യ വകുപ്പ് നിശ്ചലമാണ്. ജാഗ്രത പാലിക്കണമെന്ന് പറയുന്നതല്ലാതെ എന്ത് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി പറയണം. വിദഗ്ദ്ധ സമിതിയും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കയാണ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സി.പി.എം സമ്മേളനങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? ഇത് ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാണോ? സമ്മേളനം മാറ്റി വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല. ഹൈക്കോടതി വിധി കാസര്‍കോടിന് മാത്രം ബാധകമാണെന്ന് വ്യാഖ്യാനിച്ച് തൃശൂരില്‍ നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ഇന്നും സമ്മേളനം നടത്തി. സി.പി.എം കോടതിയേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ്. പരസ്യമായി നിയമലംഘനം നടത്തുകയാണ്. സമ്മേളനം നടത്തുന്നതിലല്ലാതെ കോവിഡ് നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് ഒരു താല്‍പര്യവുമില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു.