അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ഡ, വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക്ക് പട്ടേല്‍, എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേശ് മേവാനി തുടങ്ങിയവരെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് റാലി നടത്താനിരിക്കെയാണ് ഇവരെ തടങ്കലിലാക്കിയത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് റാലിക്ക് ആഹ്വാനം ചെയ്തിരുന്നത്. കൊച്‌റബ് ആശ്രമം മുതല്‍ സബര്‍മതി ആശ്രമം വരെയായിരുന്നു റാലി ആസൂത്രണം ചെയ്തിരുന്നത്. രാഷ്ട്രീയത്തിനതീതമായി റാലിക്ക് വന്‍ പിന്തുണ ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

”ഗുജറാത്ത്​ സർക്കാൻ ജനാധിപത്യം നശിപ്പിക്കുകയാണ്​. ഹാത്രസ്​ ഇരക്ക്​ നീതിതേടിയുള്ള റാലിക്ക്​ പോകാൻ എന്നെ അനുവദിക്കുന്നില്ല. റൂമിൽ നിന്നും പുറത്തിറങ്ങാനയക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ്​. ഹർദിക്​ പ​ട്ടേലിനെയും പ​ങ്കെടുക്കാൻ അനുവദിച്ചിട്ടില്ല. ദലിതുകൾ ഒരു റാലിക്ക്​ പോകുന്നത്​ പോലും ഭയക്കുന്ന ഭീരുവാണോ വിജയ്​രൂപാനി? -ജിഗ്​നേഷ്​ മേവാനി ട്വീറ്റ്​ ചെയ്​തു.