ദോഹ: അനാവശ്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യോജിച്ചതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധി തീര്‍ത്തും അനാവശ്യമാണ്. അതിനാല്‍ പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന അമീറിന്റെ ആവശ്യത്തോട് ട്രംപ് യോജിച്ചു. യാതൊരു കാരണവുമില്ലാതെയാണ് പ്രതിസന്ധി ആരംഭിച്ചത്.
കാരണമുണ്ടാക്കാനായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നേരെ സൈബര്‍ ആക്രമണമുണ്ടാവുകയായിരുന്നു. പ്രതിസന്ധിക്ക് കാരണമായ ന്യായങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിഹാരമല്ലെന്നും ശൈഖ് മുഹമ്മദ് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ഉപരോധ രാജ്യങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം രാജ്യത്തെ ജനങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തീവ്രവാദത്തെ ഖത്തര്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ തയ്യാറായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കാനും ഹമാസിനെ പിന്തുണക്കുന്നത് നിര്‍ത്താനും ആവശ്യപ്പെട്ട ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ഈ ഉത്തരം പറഞ്ഞത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നുവെന്നാണ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡ് അവരുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ പ്രകോപിപ്പക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും അതൊരിക്കലും ഖത്തറിന് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
1995ല്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയും 2014ല്‍ അവരുടെ അംബാസഡര്‍മാരെ പിന്‍വലിക്കുകയും ചെയ്തു. പ്രതിസന്ധിക്കുള്ള തുടക്കമായിരുന്നു ഇവയെല്ലാം. ഉപരോധ രാജ്യങ്ങളുടെ രക്ഷാകര്‍തൃത്തിലാകണം ഖത്തറെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഖത്തറില്‍ നടപ്പാകണമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിറിയയില്‍ നടക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ നീക്കങ്ങള്‍ നടത്താന്‍ ഖത്തര്‍ അമേരിക്കയുമായി ധാരണയിലെത്തിയിട്ടുണ്ട്.
സിറിയന്‍ ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. സിറിയന്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ തീരുമാനങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.