നെടുമ്പാശേരി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മെയിന്റനന്‍സ് റിപ്പയര്‍ ഹാങ്കറില്‍ ആരംഭിച്ചു. ആദ്യത്തെ ഹജ്ജ് വിമാനം ഞായറാഴ്ച്ച രാവിലെ 7 മണിക്ക് പുറപ്പെടും. നൂറു കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഹജ്ജ് ദേശ-ഭാഷാന്തരങ്ങള്‍ക്കതീതമായിട്ടുള്ള സമാധാന സംഗമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൗലികത, സമാധാനം, ത്യാഗം, സാഹോദര്യം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ച് 30 ലക്ഷത്തിലധികം പേര്‍ ഒത്തുകൂടുന്ന ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ സമാധാന കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം രാജ്യത്തിനു തന്നെ മാതൃകയാണ്. സമ്മേളനത്തില്‍ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തീര്‍ത്ഥാടകര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഹജ്ജ് സന്ദേശം നല്‍കി. എം.പിമാരായ പ്രൊഫ. കെ.വി തോമസ്, ഇന്നസെന്റ്, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.വി അബ്ദുല്‍ ഖാദര്‍, വി. അബ്ദു റഹിമാന്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, പി. അബ്ദുല്‍ ഹമീദ്, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈന്‍ മടവൂര്‍, കെ.കെ അബൂബക്കര്‍, സി.പി കുഞ്ഞു മുഹമ്മദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വാഗതവും മലപ്പുറം ജില്ലാ കലക്ടര്‍ അമീത് മീണ നന്ദിയും പറഞ്ഞു.