Connect with us

Video Stories

ഇതൊരു ചിന്തയുടെ അറ്റമല്ല

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

”ചില നേരങ്ങളില്‍ അല്ലാഹു തന്റെ നിശ്വാസങ്ങള്‍ നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്‍ക്കുക.” ഈ തിരുവചനങ്ങളാണ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുക.
അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് കാരുണ്യത്തിന്റെ ഒരു ഒഴുക്ക് ഉറവ പൊട്ടും. ചുറ്റും ഇരുട്ട് പരന്ന് വഴികാണാതെ അന്തിച്ച് നില്‍ക്കുന്നവരെ അത് വെളിച്ചത്തിലേക്ക് ഒഴുക്കിവിടും.
നാലാം വയസ്സില്‍ ഉമ്മയും എട്ടാം വയസ്സില്‍ ഉപ്പയും നഷ്ടപ്പെട്ട ഒരു കുട്ടിയെയും അവന്റെ കുഞ്ഞു പെങ്ങളെയും കൈപിടിച്ചുകൊണ്ട് ഒരു ഉമ്മ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പടി കടന്ന് പൂക്കോയതങ്ങള്‍ക്കു മുമ്പിലെത്തിയത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലബാറിലെ ദരിദ്ര നാരായണന്മാരായ ജനതതിയുടെ സങ്കടക്കടല്‍ കരകവിഞ്ഞൊഴുകിയ ആ പൂമുഖത്ത്, ഉള്ളിലെ തിരതള്ളല്‍ ഒതുക്കി അവര്‍ കാത്ത് നില്‍ക്കുന്നു. തിരക്കൊന്ന് കുറഞ്ഞപ്പോള്‍ എട്ടു വയസ്സുകാരനായ കുട്ടിയെ തങ്ങളുടെ മുന്നിലേക്ക് നീക്കിനിര്‍ത്തി പാതി കരഞ്ഞും ഇടക്ക് നിര്‍ത്തിയും ആ ഉമ്മ തന്റെ പരാധീനതകള്‍ പറഞ്ഞുതുടങ്ങി.
”മൂത്ത സഹോദരിയുടെ മകനാണ്. നാലാം വയസ്സില്‍ എന്നെ ഏല്‍പ്പിച്ച് അവര്‍ അല്ലാഹുവിലേക്ക് മടങ്ങി. അതിനിടയില്‍ എന്റെ ഭര്‍ത്താവും മരിച്ചു. സഹോദരിയുടെ ഭര്‍ത്താവ് (ഇവന്റെ പിതാവ്) എന്നെ വിവാഹം കഴിച്ചു. ഇവനു കൂട്ടിന് ഒരു പെങ്ങളെ കൂടി തന്ന് അദ്ദേഹവും മരണപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും ആവോളമുണ്ട്. ഇനി എല്ലാ പ്രതീക്ഷയും ഇവനിലാണ്. ബാപ്പ നല്ല അറിവുള്ളയാളായിരുന്നു. അദ്ദേഹത്തെ പോലെ ആവാന്‍ തങ്ങളുപ്പാപ്പാന്റെ ദുആ ഉണ്ടാവണം. ഈ കുട്ടികളെ പോറ്റാന്‍ ആവതുണ്ടാവണം.”
ഉമ്മയുടെ കണ്ണീരുകൊണ്ട് നനഞ്ഞ മുഖത്തേക്കും പൂക്കോയതങ്ങളുടെ പ്രകാശം പരത്തുന്ന കണ്ണുകളിലേക്കും പകച്ചു നോക്കിനില്‍ക്കുകയാണ് ആ കുട്ടികള്‍.
പൂക്കോയതങ്ങള്‍ അവനെ ഒന്ന് ചേര്‍ത്ത് പിടിച്ച് തലയിലൊന്ന് തലോടി.
”ഒക്കെ ശരിയാവും. അല്ലാഹു വലുതാക്കിക്കോളും.”
ഒന്നു രണ്ട് വാക്കുകള്‍. ചെറിയ ഒരു പ്രാര്‍ത്ഥനയും. ഉള്ളില്‍ ഇപ്പോഴുമുണ്ട്.
മേശയില്‍ നിന്നെടുത്ത പുതിയ ഒരു നോട്ട് പൂക്കോയതങ്ങള്‍ ഉമ്മാക്കു കൊടുത്തു. കാച്ചിത്തുണിയുടെ കോന്തലയില്‍ അവര്‍ അത് ഭദ്രമായി കെട്ടിവെച്ചു.
ബാല്യത്തിന്റെ ഓര്‍മ്മയില്‍ നിന്ന് പൊടിതട്ടിയെടുത്ത സന്ദര്‍ഭങ്ങളില്‍ ഏറ്റവും അമൂല്യമായി അബ്ദുല്‍ ഹക്കീം ഫൈസി ഓര്‍ത്ത് വെക്കുന്നത് ഈ രംഗങ്ങളാണ്.
സ്‌കൂളില്‍ ചേര്‍ത്തതിന്റെ തൊട്ടടുത്ത ദിവസം ഉച്ചക്ക് ഒരടി കിട്ടിയതിന് പിണങ്ങിപ്പോന്ന കുട്ടിയെ ശകാരിച്ചാല്‍ ഇനി അവന്‍ തന്നേയും വിട്ടു പോകുമോ എന്നായിരുന്നു എളേമ്മയുടെ ഉള്‍പേടി. ഓര്‍മ്മ വെക്കുന്നതിനു മുമ്പ് പിരിഞ്ഞുപോയ ഉമ്മക്ക് പകരം അവര്‍ തന്നെയായിരുന്നു മാതാവ്. നാട്ടിലെ ചെറുപ്പക്കാരെല്ലാം പട്ടിണിക്ക് പരിഹാരമായി നാട് വിട്ടിരുന്ന ആ കാലത്ത് തന്റെ മോന്‍ അങ്ങനെയാവരുത് എന്ന ചിന്തയായിരിക്കണം ആ ഉമ്മയെ പാണക്കാട്ടെത്തിച്ചത്.
കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് എന്ന വാഫി പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ 21 അംഗ നിര്‍വ്വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയുടെ വാഫി കോളജിന്റെ പ്രിന്‍സിപ്പലും സി.ഐ.സിയുടെ കോ-ഓര്‍ഡിനേറ്ററുമായ ആദൃശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തെ മാറ്റിമറിച്ചത് പാണക്കാട് പൂക്കോയതങ്ങളുമായി നടന്ന ആ കൂടിക്കാഴ്ച്ചയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം ഒരു അംഗീകാരം തേടിയെത്തിയത് ആ പ്രാര്‍ത്ഥനകള്‍കൊണ്ടുകൂടിയാണെന്നും.
ഏഷ്യയിലും യൂറോപ്പിലും അറബ് ലോകത്തുമായുള്ള ഇരുനൂറിലേറെ സര്‍വ്വകലാശാലകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സഭയാണ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ്. ഒരു മലയാളിക്ക് അതിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗത്വം ലഭിക്കുക എന്നത് അഭിമാനകരമാണ്.
അറിവിന്റെ അന്വേഷണത്തില്‍ വിട്ടുവീഴ്ചകളില്ലാതെ, ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വിശ്രമമില്ലാതെ, കാത്ത് നില്‍ക്കാത്ത സമയത്തിനൊപ്പം ഓടിയെത്താന്‍ പോരാട്ടത്തിന്റെ ഊര്‍ജ്ജം ഉള്ളില്‍ നിറച്ചുകൊണ്ടുള്ള അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതം ഒരു പ്രചോദനമാണ്. ദാരിദ്ര്യംകൊണ്ട് വഴിമുട്ടിപ്പോയ ബാല്യങ്ങള്‍ക്കും അറിവ് നേടാന്‍ അന്വേഷണകുതുകികളായി യാത്ര ചെയ്യുന്ന ചെറുപ്പക്കാര്‍ക്കും.
ഒരു സ്‌കൂളിലും പോകാതെ നിരവധി ഭാഷകള്‍ സ്വായത്തമാക്കിയ പണ്ഡിതപ്രതിഭയായ പറമ്പില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകന് ഒന്നര ദിവസത്തെ സ്‌കൂള്‍പഠനം പോലും വേണ്ടെന്ന് പറഞ്ഞ് കാരണവന്മാരും ‘സ്‌കൂള്‍ പേടിക്ക്’ കൂട്ടു നിന്നപ്പോള്‍ ദര്‍സ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങി. ഒട്ടേറെ പള്ളി ദര്‍സുകളില്‍ മഹാന്മാരായ ഗുരുക്കന്മാര്‍ക്ക് കീഴില്‍ പഠനം തുടര്‍ന്നു. ദര്‍സിലെത്തിയ സഹപാഠികളില്‍ നിന്ന് മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഫൈസി പഠനം. പഠനത്തിന് ശേഷം കുറച്ചുകാലം അദ്ധ്യാപകന്‍. അല്‍ മുബാറക്ക് വീക്കിലിയുടെ എഡിറ്റര്‍, എഴുപതുകളിലെ മിക്ക ചെറുപ്പക്കാരെയും പോലെ പ്രവാസത്തിലേക്ക്. ഗള്‍ഫില്‍ സൈനിക വകുപ്പില്‍ മതകാര്യവിഭാഗത്തില്‍ ജോലി ചെയ്തു. ഇംഗ്ലീഷും ഉറുദുവും പഠിച്ചു.
മരുഭൂമിയിലെ ജീവിതത്തിനിടയിലും ഉള്ളിലൊരു കാറ്റ് കടന്ന് കറങ്ങുന്നുണ്ടായിരുന്നു. ഇതല്ല നിന്റെ നിയോഗമെന്ന ശാസന അസ്വസ്ഥമാക്കുന്നുണ്ട് മനസ്സിനെ. കര്‍മ്മഭൂമിയിലേക്ക് തിരിച്ചെത്താന്‍ ആരോ ചില ചരടുവലികള്‍ നടത്തുന്നതുപോലെ.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയയുടെ ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞുട്ടിഹാജിയും മാനേജര്‍ സി.കെ. കൈമലശ്ശേരിയും കാണാന്‍ വന്നു. അറബി കോളജില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യാന്‍ സന്നദ്ധമാണോ എന്നറിയാനാണ്. സന്തോഷകരമായിരുന്നു ആ വാഗ്ദാനം. അദ്ധ്യാപനവും പുതിയ അറിവ് തേടലാണല്ലോ. ഒരു നിബന്ധന സ്‌നേഹപൂര്‍വ്വം തിരിച്ച് പറഞ്ഞു. സിലബസ്സ് പരിഷ്‌ക്കരിക്കണം. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം കൂടി സമന്വയിപ്പിക്കണം. ലോക നിലവാരത്തിലെത്തും വിധം നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കണം.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷനായിരുന്ന കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് എന്ന മഹാഗുരുവിന്റേതു കൂടിയായിരുന്നു ഈ ചിന്ത. മര്‍ക്കസിന്റെ മുഖ്യശില്‍പ്പിയായിരുന്ന അബൂബക്കര്‍ ഹസ്‌റത്ത് ഇത്തരം ചില ആലോചനകള്‍ പണ്ഡിത നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു.
മര്‍ക്കസിലെ ജോലി ഏറ്റെടുത്തപ്പോള്‍ ഉള്ളിലെ ചിന്തകളെ കോര്‍ത്തെടുക്കാന്‍ പഴയ സഹപാഠികളെയും ഗുരുക്കന്മാരെയും തെരഞ്ഞുപോയി. അങ്ങനെ തയ്യാറാക്കിയ സിലബസുമായി അദ്യമെത്തിയത് കെ.കെ. അബൂബക്കര്‍ ഹസ്‌റത്തിന്റെ സന്നിധിയിലായിരുന്നു. രോഗാതുരമായ അവസ്ഥയിലും ഗൗരവത്തോടെ ഒട്ടേറെ തിരുത്തലുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായി.
മര്‍ക്കസിന്റെ സ്ഥാപക പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ സവിധത്തിലേക്കാണ് പീന്നീട് എത്തിച്ചേരുന്നത്. കെ.ടി. കുഞ്ഞുട്ടിഹാജിക്കും, സി.കെ. കൈമലശ്ശേരിക്കുമൊപ്പം. അബ്ദുല്‍ ഹക്കീം ഫൈസിയെ കുറിച്ചുള്ള തന്റെ അറിവിനെ സ്വതസിദ്ധമായ നാടന്‍ ഭാഷയില്‍ കുഞ്ഞുട്ടിഹാജി പരിചയപ്പെടുത്തിയപ്പോള്‍ ശിഹാബ്തങ്ങള്‍ സന്തോഷത്തോടെ ഒന്നു ചേര്‍ത്ത് നിറുത്തി. കരിക്കുലത്തിന്റെ ചെറിയ വിവരണം നടത്തിയപ്പോള്‍ കൗതുകത്തോടെ കേട്ടിരുന്നു. പുതിയ സിലബസ് അദ്ദേഹത്തിന് ഏറെ ആവേശം പകരുന്നതായിരുന്നു. കരിക്കുലത്തിലെ തെരഞ്ഞെടുത്ത ഗ്രന്ഥങ്ങളെക്കുറിച്ച് ഗഹനമായ വിശദീകരണങ്ങള്‍ തങ്ങള്‍ പറഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കിട്ടിയ അറിവുകളുടെ പ്രവാഹം. പിന്നെയും ഇടക്കിടെ ചര്‍ച്ചകള്‍ തുടര്‍ന്നു. ഈ പഠനരീതി തുടങ്ങണമെന്ന് വലിയ താല്‍പര്യത്തോട് കൂടി പറഞ്ഞുകൊണ്ട് ആലിംഗനം ചെയ്തു.
‘അല്ലാഹു വലുതാക്കും’ എന്ന വാക്കുകള്‍ കേട്ട അതേ ഉമ്മറത്തു വെച്ച് ജന്മാന്തരങ്ങളുടെ സുകൃതസ്പര്‍ശം. തലമുറ മാറ്റത്തിലും കണ്ണിയറ്റു പോകാത്ത പ്രാര്‍ത്ഥനാ വചനങ്ങള്‍.
ഒരു പുതിയ വിദ്യാഭ്യാസ സംവിധാനം മുളപൊട്ടുകയായിരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന മതപഠന സിലബസ് പരിഷ്‌കരിച്ച് പുതിയതും പഴയതുമായ ഗ്രന്ഥങ്ങളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകൃത ബിരുദവും ചേര്‍ത്ത് സംവിധാനിച്ച വിദ്യാഭ്യാസ കരിക്കുലം. സാമ്പ്രദായിക രീതിയിലുള്ള മതപഠനത്തിന്റെ വൃത്തം മാറ്റിവരക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
പഠനകാലം കഴിഞ്ഞ് നാട്ടില്‍ ജോലിചെയ്യുമ്പോള്‍ അല്‍ മുബാറക്ക് വാരികയില്‍ സബ് എഡിറ്ററായിരിക്കെ സമന്വയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു. പുതിയ സിലബസ് പ്രകാരം ആദ്യമായി അദ്ധ്യയനമാരംഭിച്ചത് കാര്‍ത്തല മര്‍ക്കസിലായിരുന്നു. ഈ പദ്ധതിക്കൊപ്പം നിന്ന സെയ്ത് മുഹമ്മദ് നിസാമിയെ പോലുള്ള പണ്ഡിതര്‍ നല്‍കിയ ആത്മധൈര്യവും പിന്തുണയും കൈമുതലാക്കി പിന്നെയും മുന്നോട്ട് പോയി.
‘പ്രതിബദ്ധതയുള്ളവരാവുക’ എന്നതാണ് വാഫി എന്ന പദത്തിന്റെ ആന്തരാര്‍ത്ഥം. ദൈവത്തോടും സമൂഹത്തോടുമുള്ള കടപ്പാട് കൂടിയാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവാണ് ഈ പേരിന് ആധാരം. അല്ലാഹുവിനോടുള്ള നന്ദിപ്രകടനമാണ് ജീവിതം. വിദ്യാഭ്യാസവും അതിന്റെ ഭാഗമാണ്.
എട്ടു വര്‍ഷം കൊണ്ട് വാഫി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി സര്‍വ്വകലാശാല ബിരുദം കൂടി നേടിയിട്ടാണ് പുറത്തിറങ്ങുന്നത്. അറുപത് വാഫി കോളജുകള്‍ ഇപ്പോള്‍ സി.ഐ.സി.ക്ക് കീഴിലുണ്ട്.
മതപഠനത്തിനായി ആശ്രയിച്ചിരുന്ന ദര്‍സ് സംവിധാനം കുറഞ്ഞു വരികയും പതുക്കെ പതുക്കെ ഇല്ലാതാവുകയും ചെയ്യുമോ എന്ന ആശങ്ക കൂടിയാണ് ഇത്തരം ഒരു പഠനരീതിയെ കുറിച്ചുള്ള ആലോചനക്ക് കാരണമായത്. ശാസ്ത്രത്തിന്റെ വളര്‍ച്ചക്കൊപ്പം നടക്കേണ്ടവരാണ് വിശ്വാസികള്‍. ഒരുകാലത്ത് മുന്നില്‍ നടന്നിരുന്നവരുമായിരുന്നു. എന്നാല്‍ ഗതകാല ചരിത്രം പറഞ്ഞിരിക്കുന്നവര്‍ മാത്രമായി നമ്മള്‍ മാറിപ്പോകുന്നു. ഒരു മതപണ്ഡിതന്‍ ശാസ്ത്രം കൂടി അറിയുന്നവനായി മാറുന്നത് സാമൂഹിക പരിവര്‍ത്തനത്തിന് വേഗത കൂട്ടും. ഇതൊക്കെയാണ് വാഫി എന്ന സമന്വയ വിദ്യാഭ്യാസത്തിന് അടിത്തറയായ അടിസ്ഥാന ചിന്തകള്‍.
മതം പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൂടി അവസരം നല്‍കുന്നതാണ് വഫിയ്യ കോഴ്‌സ്. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് ഇവക്ക് പുറമെ കുട്ടികളുടെ മനശ്ശാസ്ത്രം, വ്യക്തിത്വ വികാസം, കുടുംബ സംവിധാനം, വിഭവ വിനിയോഗം തുടങ്ങിയവ കൂടി കരിക്കുലത്തിന്റെ ഭാഗമാണ്. പ്ലസ്ടു പരീക്ഷയെഴുതി യൂണിവേഴ്‌സിറ്റി ബിരുദം കൂടി ലഭ്യമാകുന്ന രീതിയിലാണ് ഈ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നത്. 24 വഫിയ്യ കോളജുകളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വാഫി കോഴ്‌സ് കഴിഞ്ഞ ചെറുപ്പക്കാര്‍ വിജ്ഞാനം കൊണ്ട് സേവന സന്നദ്ധരാണ്. മതപഠനം നേടിയ പെണ്‍കുട്ടികള്‍ സ്ത്രീകള്‍ക്കിടയില്‍ പഠനപരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഇതൊരു ചിന്തയുടെ അറ്റമല്ല. തുടക്കമാണ് എന്നാണ് അബ്ദുല്‍ ഹക്കീം ഫൈസി പറയുന്നത്. ഇനി വരുന്നവര്‍ക്ക് എത്രയും വിശാലമാക്കാവുന്ന ഭാവന. മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇനിയും ഏറെയുണ്ട്. ഭൂതകാലത്തിന്റെ സ്മരണകളില്‍ ഉറങ്ങുന്നവരെയല്ല സമൂഹത്തിനാവശ്യം. വര്‍ത്തമാന കാലത്തിന്റെ തെറ്റ് തിരുത്തുന്നവരെയാണ്. മതം പരലോകത്തേക്കുള്ളതാണെന്ന മതവിരുദ്ധ ന്യായം ഏറ്റുപറയേണ്ടി വരികയാണ് പലര്‍ക്കും. ജീവിതം തന്നെയാണ് മതം. ലോകത്ത് മാറ്റങ്ങളുണ്ടാക്കുവാന്‍ അറിവിന്റെ അന്വേഷണവും പ്രസരണവുമാണ് വേണ്ടത്. എല്ലാ സമൂഹത്തിനകത്തും ഒരു വിശ്വാസിക്ക് ജീവിക്കുവാനാകണം. വേഷത്തിനും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ഹൃദയം കൊണ്ട് ജീവിക്കണമെന്നു മാത്രം.
ഒരു മുസ്‌ലിം തിരിച്ചറിയപ്പെടേണ്ടത് അവന്റെ വേഷഭൂഷാദികള്‍ കൊണ്ടല്ല. ഇസ്‌ലാമിന്റെ ചായങ്ങള്‍ അണിയാന്‍ എളുപ്പമാണ്. സദാചാര മൂല്യങ്ങളും ധാര്‍മ്മികതയുമുള്ള ഒരു മനുഷ്യന്‍ പ്രവേശിക്കുന്ന എല്ലാ വാതിലുകളിലൂടെയും ഒരു മുസ്‌ലിമിന് തന്റെ വിശ്വാസം കൊണ്ട് കടന്ന് ചെല്ലാന്‍ സാധിക്കും. ഇതര സമൂഹങ്ങളോട് നാം കാണിക്കുന്ന നിഷേധങ്ങളല്ല സ്വീകാരങ്ങളാണ് പ്രബോധനം.

”വഹ്ദത്തുല്‍ വുജൂദ്” എന്ന വാക്കിന് വിവിധങ്ങളായ അര്‍ത്ഥതലങ്ങളുണ്ട്. സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് അബ്ദുല്‍ ഹക്കീം ഫൈസി വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. അല്ലാഹു പ്രപഞ്ചത്തിലാകമാനമുണ്ട്. നമ്മളിലും. ”ഞാന്‍ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചു. പടപ്പുകളെ പടച്ചു.” എന്ന വചനം ദൈവത്തിന്റെ പ്രകാശം നമ്മളിലുണ്ട് എന്നതാണ്. അതിനെ ഉള്ളിലൊളിപ്പിച്ചുകൊണ്ട് നമുക്ക് ഒതുങ്ങിയിരിക്കാനാവില്ല. തസവ്വുഫ് അറിവ് ആര്‍ജ്ജിക്കലും കര്‍മ്മങ്ങളില്‍ വ്യാപരിക്കലുമാണ്.
മുഹ്‌യുദ്ദീന്‍ ശൈഖ് കര്‍മ്മ നൈരന്തര്യങ്ങളുടെ മഹത്തായ മാതൃകയാണ്. ബാഗ്ദാദിലേക്ക് അറിവ് നേടാന്‍ എത്തിയ മുഹ്‌യുദ്ദീന്‍ ശൈഖ് വിറക് വെട്ടിയും ഇതര ജോലികള്‍ ചെയ്തുമാണ് തന്റെ പഠനത്തിനാവശ്യമായ ചെലവ് കണ്ടെത്തിയത്. അദ്ധ്വാനിക്കുന്ന പണ്ഡിതന്റെ പദവിക്ക് പെരുമകൂടും. അബ്ദുല്‍ ഹക്കീം ഫൈസിയുടെ മത-സാമൂഹ്യ വീക്ഷണങ്ങള്‍ ഈ രീതിയിലാണ് പ്രകടിപ്പിക്കുന്നത്.
ലോകത്തെ ഇരുനൂറോളം ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നാണ്. മത/ജാതി/വര്‍ണ്ണ/ഭാഷകള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് നിന്ന്. ഇങ്ങനെയൊരു പ്രതിനിധി ആ സഭയില്‍ ആദ്യമായിരിക്കും. ലോകത്ത് ഏറ്റവും അഭിമാനകരമായി മുസ്‌ലിംകള്‍ ജീവിക്കുന്ന ഒരു പച്ചത്തുരുത്തിന്റെ ചരിത്രം കൂടി മന:പാഠമാക്കിക്കൊണ്ടാണ് അബ്ദുല്‍ ഹക്കീം ഫൈസി കൈറോയിലേക്ക് പോകുന്നത്.
ഓരോ വര്‍ഷവും നൂറു കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വാഫി, വഫീയ്യ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ബിരുദാനന്തര ബിരുദം നേടാന്‍ ആഗ്രഹിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമീപിച്ചുകൊണ്ടിരിക്കുമ്പോള്‍ പലരെയും പരിമിതികള്‍ പറഞ്ഞ് മടക്കി അയക്കേണ്ടി വരികയാണ്. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായി ഒരു കാമ്പസ് തയ്യാറാക്കുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. ആ സ്വപ്‌നപദ്ധതിയുമായി ഒരു പാതിരാത്രിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍പോയി. തങ്ങളുമായി ആശയം പങ്കുവെച്ചു. എല്ലാം കേട്ടിരുന്നതിന് ശേഷം ഒരല്‍പ്പനേരത്തെ മൗനം. ”കാളികാവിലെ ബാപ്പുഹാജിയെ ഒന്ന് കാണണം. ഞാന്‍ പറയാം.”
ബാപ്പുഹാജിയെ നേരത്തെ അറിയാം. അശരണരായ വൃദ്ധജനങ്ങള്‍ക്കു താമസിക്കുവാന്‍ സൗകര്യം ഒരുക്കാന്‍ തന്റെ ഭൂസ്വത്തിലൊരു വിഹിതം നല്‍കിയ മനുഷ്യസ്‌നേഹി. ‘നേരിട്ട് കണ്ട് സംസാരിക്കുവാന്‍ കാളികാവിലേക്ക് വരട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ മര്‍ക്കസിലേക്ക് വരാം’ എന്നായിരുന്നു മറുപടി. ഒന്നു രണ്ട് കൂടിക്കാഴ്ച്ചകളില്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഞ്ച് ഏക്കര്‍ ഭൂമിയാണ് ആവശ്യമെന്ന് അറിയിച്ചു. ഒന്നും മറുപടി പറഞ്ഞില്ല.
താമസിക്കുന്ന വീട് നില്‍ക്കുന്ന ഒന്നര ഏക്കര്‍ ഭൂമി കഴിഞ്ഞ് ബാക്കിയുള്ള പുരയിടം പതിനഞ്ച് ഏക്കര്‍ ബാപ്പുഹാജി ക്യാമ്പസിന് വേണ്ടി വിട്ടുതരാമെന്ന് അറിയിച്ചിട്ടുണ്ട് എന്ന വിവരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ച് പറഞ്ഞു. ”ആറ്റപ്പൂ പറഞ്ഞു. ഞാന്‍ കൊടുത്തു” ഇത്രമാത്രമെ ബാപ്പുഹാജിയുടെ മറുപടിയിലുള്ളൂ.
‘അല്ലാഹു വലുതാക്കു’മെന്ന വാക്കുകള്‍ ആരോ ഉള്ളിലിരുന്ന് വീണ്ടും പറയുന്നു.
സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുകളിലെ മൂടിക്കെട്ടിയ കാഴ്ച്ചയില്‍ കൊടപ്പനക്കല്‍ കോലായില്‍ പകച്ചുനിന്ന പഴയകാലം വീണ്ടും തെളിഞ്ഞ് വരുന്നു.
”സവിശേഷമായ ഒരു പ്രകാശത്തോടെയാണ് എന്റെ സംത്രാസവിമുക്തിക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. വാദങ്ങളും തെളിവുകളുമല്ല; അല്ലാഹു എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച ഒരു വെളിച്ചമായിരുന്നു അത്. ഈ വെളിച്ചമാണ്, അധിക വിജ്ഞാനങ്ങളുടെയും താക്കോല്‍.” (ഇമാം ഗസ്സാലി: അറിവില്ലായ്മയില്‍ നിന്ന് മോചനം)
അബ്ദുല്‍ ഹക്കീം ഫൈസിയുടെ വായനകള്‍ വീണ്ടും വീണ്ടും തിരിച്ചു ചെന്നിരുന്നത് ഗസ്സാലി ഇമാമിലേക്കായിരുന്നു. ഒരു വെളിച്ചത്തിനു വേണ്ടി കാത്തിരിക്കുക മാത്രമേ അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പെ ആ കുട്ടി ചെയ്തിട്ടുള്ളു. ഒരു പ്രകാശമാണ് ഉമ്മയുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറത്തേക്ക് പറന്നുപോകാന്‍ ഇപ്പോഴും കൂടെയുള്ളത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending