ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹമീദ് അന്‍സാരി അതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഇത്തരമൊരു ആശയം നടപ്പാക്കാനാവില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരേ സമയത്ത് രാജ്യത്ത് എല്ലായിടത്തും ഒരുപോലെ സുരക്ഷയൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരം ഇടക്കിടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനഹിതത്തെ സ്വാധീനിക്കുന്നത് മറികടക്കാനാണ് മോദി സര്‍ക്കാര്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെച്ചത്.