അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തില്‍ രാജ്യത്ത് ദളിതുകള്‍ക്കുനേരെയുള്ള പീഡനം വര്‍ദ്ധിച്ച് വരികയാണ്. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലും ഗുജറാത്തിലെ ഉനയിലും ബി.ജെ.പി- ദളിത് പ്രശ്‌നങ്ങളുണ്ടായി. ഗുജറാത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന ശക്തമായ പാര്‍ട്ടി. അതുകൊണ്ട് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 22വര്‍ഷമായി ദളിതുകളെ കേള്‍ക്കാത്തവരാണ് ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍ പത്രസമ്മേളനം നടത്തി 22 മണിക്കൂറുകള്‍ക്കകം രാഹുല്‍ഗാന്ധി തന്നെ സന്ദര്‍ശനത്തിന് ക്ഷണിക്കുകയായിരുന്നുവെന്ന് മേവ്‌നാനി പറഞ്ഞു.

ഒരു വിഭാഗം ദളിതുകള്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമ്പോള്‍ ചില വിഭാഗം ബി.ജെ.പിക്കൊപ്പം നില്‍ക്കാറുണ്ട്. വ്യക്തിപരമായ ചില പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. പതിനായിരത്തോളം ദളിതുകളെ സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചു. എന്തുവന്നാലും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നാണ് ദളിതുകളുടെ പക്ഷം. സര്‍ക്കാരിനെതിരെ ശക്തമായ വിരുദ്ധവികാരം അവര്‍ക്കിടയിലുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സും-ബി.ജെ.പിയും തമ്മിലുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. ബി.ജെ.പിയും ഗുജറാത്തും തമ്മിലാണ് ഇത്തവണ മത്സരിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ പട്ടീദാര്‍മാര്‍, ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍ തുടങ്ങി ഒരു സമുദായവും തൃപ്തരല്ലെന്നും ജിഗ്നേഷ് പറഞ്ഞു.

അല്‍പേഷ് താക്കൂറും ഹാര്‍ദ്ദികും താനും തമ്മില്‍ വ്യത്യസ്ഥമായ പരിപാടികളാണ് കൊണ്ടുവരുന്നത്. ഗുജറാത്തില്‍ യാതൊരു തരത്തിലുള്ള ബി.ജെ.പി തരംഗവും കാണുന്നില്ല. ബി.ജെ.പിക്ക് എതിരായ തരംഗമാണ് കാണാന്‍ കഴിയുന്നത്. വ്യത്യസ്ഥ ആളുകളാണെങ്കിലും ഒരേ വികാരത്തോടെയാണ് ഞങ്ങള്‍ മൂന്നുപേരും നിലകൊള്ളുന്നത്. ബി.ജെ.പി ശക്തമായ പ്രദേശങ്ങളില്‍ താനും ഹാര്‍ദ്ദികും ഒരുമിച്ച് ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. ഊ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കുമെന്നാണ് തന്റെ വാക്കെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചതോടെ ഹാര്‍ദ്ദികിനും ജിഗ്നേഷ് മേവ്‌നാനിക്കും സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ നീക്കങ്ങള്‍ അറിയാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ ഹാര്‍ദ്ദിക് സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു.