സിഡ്‌നി: ഓസീസിനെതിരായ ട്വന്റി 20 സീരീസ് അവസാനിച്ചതിന് പിന്നാലെ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി സീരീസ് കിരീടം നടരാജന് കൈമാറി ഹാര്‍ദിക് പാണ്ഡ്യ. ചാമ്പ്യന്‍മാരായ ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ നടരാജനാണ് കോഹ്‌ലിക്ക് പകരം പരമ്പര കിരീടം പിടിച്ചത്.

ഈ സീരീസിലുടനീളം നടരാജന്‍ അവിസ്മരണീയമായിരുന്നെന്നും എന്നേക്കാള്‍ മാന്‍ ഓഫ് ദി സീരീസ് അര്‍ഹിക്കുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു. ടീം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന നടരാജനെ നെറ്റ് ബൗളറായാണ് അവസാനം ടീമില്‍ ഉള്‍പ്പെടുത്തിയത്.

അവസാന ഏകദിനത്തില്‍ കളത്തിലിറങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജന്‍ ട്വന്റി 20യിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ട്വന്റി 20യില്‍ മൂന്നുവിക്കറ്റെടുത്ത നടരാജന്‍ രണ്ടാം ട്വന്റി 20യില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തിരുന്നു. അവസാന മത്സരത്തില്‍ 33 റണ്‍സിന് ഒരു വിക്കറ്റായിരുന്നു നടരാജന്റെ സമ്പാദ്യം. മറ്റു പേസര്‍മാരെല്ലാം തല്ലുകൊണ്ടപ്പോഴും നടരാജന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കൂലിപ്പണിക്കാരനായ സേലത്തുകാരന്റെയും സാരി കമ്പനിയില്‍ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായാണ് നടരാജന്റെ ജനനം. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. 2011ല്‍ തമിഴ്‌നാട് ലീഗിലെ നാലാം ഡിവിഷനില്‍ കളിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെയും ഐ.പി.എല്ലിലെയും മിന്നും പ്രകടനങ്ങളാണ് നടരാജന് ഇന്ത്യന്‍ ടീമിലിടം നല്‍കിയത്.