അലഹബാദ്: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.

ഗാന്ധിനഗറിലെ മാന്‍സയില്‍ ശനിയാഴ്ച്ചയാണ് റാലി നടക്കുന്നത്. അവിടെ വെച്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദീകരിക്കാന്‍ പട്ടേല്‍ തയ്യാറായില്ല. സ്‌ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഹാര്‍ദ്ദികിന്റേതെന്ന പറഞ്ഞ് രണ്ട് സെക്‌സ് ടേപ്പുകള്‍ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ടേപ്പുകളെ നിഷേധിച്ച് ഹാര്‍ദ്ദിക് രംഗത്തെത്തിയിരുന്നു. 23 കാരന്റെ ടേപ്പുകള്‍ കാണിക്കാതെ 23 വര്‍ഷത്തെ വികസനം കാണിക്കണമെന്നായിരുന്നു ഹാര്‍ദ്ദികിന്റെ വെല്ലുവിളി. ഒരു ഹോട്ടല്‍ മുറിയില്‍ യുവതിക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ഹര്‍ദ്ദികിന് പിന്തുണയുമായി ജിഗ്നേഷ് മേവ്‌നാനി രംഗത്തെത്തിയിരുന്നു. ഹര്‍ദ്ദിക് നാണിക്കേണ്ട ആവശ്യമില്ലെന്നും ലൈംഗികത അവകാശമാണെന്നുമായിരുന്നു മേവ്‌നാനിയുടെ പരാമര്‍ശം.