മലപ്പുറം: ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നാളെ മുതല്‍ മൂന്ന് ദിനങ്ങളിലായി മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിക്കും. മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയോഗത്തിലാണ് തീരുമാനം.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പോലും സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിക്കുന്നതാണ് രാജ്യം കണ്ടത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും അവസരം നല്‍കാത്ത സാഹചര്യം ഉണ്ടായി. വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് അതിനുള്ള അവസരം യോഗി സര്‍ക്കാര്‍ നല്‍കിയത്.

സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്. ലീഗ് നേരത്തെ ഈ ആവശ്യം ഉന്നയിച്ചതാണ്. യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.