അഹമ്മദാബാദ്: സി.ഡി വിവാദത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍. ട്വിറ്ററില്‍ ഹിന്ദിയില്‍ കവിത രൂപത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഹര്‍ദിക് പട്ടേലിന്റെ വിമര്‍ശനം. ശ്രീരാമനെ ഇപ്പോള്‍ ടെന്റിലേക്ക് മാറ്റുകയാണ്. പകരം മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സേക്ക് വേണ്ടി അമ്പലം പണിയുന്നു. ബി.ജെ.പി ഹിന്ദുക്കളേയും മുസ്്ലിംകളേയും പരസ്പരം ഭിന്നിപ്പിക്കുകയാണ്.

ദളിതരെ അടിച്ചമര്‍ത്തുന്നു. പശു സംരക്ഷണം ഉയര്‍ത്തുന്നവര്‍ തന്നെ, പശുവിന്റെ ഇറച്ചി വിറ്റ് പണമുണ്ടാക്കുന്നു. സ്വന്തം ഭാര്യയെ സംരക്ഷിക്കാത്തവരാണ് ഇപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് സി.ഡിയുണ്ടാക്കുന്നത്- കുറിപ്പില്‍ പറയുന്നു. ഹര്‍ദികിനെതിരെ ലൈംഗിക ചുവയുള്ള സി.ഡി പുറത്തുവിട്ടതിനു പിന്നില്‍ ബി.ജെ.പിയാണെന്ന വിമര്‍ശനവുമായി ഹര്‍ദികും പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടൊപ്പം തന്റെതെന്ന പേരില്‍ നഗ്‌ന ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്ന് ഹര്‍ദിക് പറഞ്ഞിരുന്നു. 2017 മെയ് 16ന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവുമാണ് വീഡിയോയില്‍ ഉള്ളത്. പ്രാദേശിക ചാനലുകളായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്