തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായി ഇപ്പോള്‍ തുടരുന്നുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രതയോടെയിരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും ‘റെഡ്’ അലര്‍ട്ട് ആയിരിക്കും.
‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിക്കുക, ക്യാമ്പുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഒരുക്കമാവുക എന്നിവ പാലിക്കണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യതകളും വര്‍ധിക്കും.
ജൂലൈ 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Be the first to write a comment.