kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടി മിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

