തിരുവനന്തപുരം: അമ്മയുടെ ആലിംഗനം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ ഹാര്‍ട്ട് റേറ്റ് സ്ഥായിയാക്കുക, ഓക്‌സിജന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നേട്ടങ്ങളും അമ്മയുടെ ആലിംഗനത്തിലൂടെ ഉണ്ടാകുമെന്ന് രാജ്യത്തുടനീളമുള്ള ആയിരത്തോളം അമ്മമാരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ കണ്ടെത്തി.
അമ്മയും കുഞ്ഞും തമ്മിലുള്ള ആലിംഗനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡായ ഹക്ഷീസ് നടത്തിയ ബേബി സര്‍വ്വേയിലാണ് കണ്ടെത്തല്‍. അമ്മയുടെ ആലിംഗനം കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് 90 ശതമാനം ഡോക്ടര്‍മാരും വിശ്വസിക്കുന്നു. അമ്മയുടെ ആലിംഗനത്തിലൂടെ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് 76 ശതമാനത്തോളം ഡോക്ടര്‍മാരും പറഞ്ഞു. കരച്ചില്‍ അടക്കുക, സ്‌ട്രെസ്സ് കുറയ്ക്കുക, ശരീരോഷ്മാവ് ക്രമീകരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും അമ്മയുടെ ആലിംഗനത്തിലൂടെ ലഭ്യമാകുന്നു. 85 ശതമാനം ഡോക്ടര്‍മാരും കുട്ടികളെ ആലിംഗനം ചെയ്യുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 80 ശതാനം അമ്മമാര്‍ക്കും ആലിംഗനം ചെയ്യുന്നതിന്റെ ആരോഗ്യകരമായ വശങ്ങള്‍ അറിയില്ലെന്നും സര്‍വ്വേയില്‍ വ്യക്തമായി.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 90 ശതമാനം അമ്മമാരും മക്കളെ ആലിംഗനം ചെയ്യുന്നതായും 91 ശതമാനം പേര്‍ ആദ്യമായി കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തത് ഓര്‍ത്തിരിക്കുന്നതായും സര്‍വ്വേയില്‍ പറയുന്നു.
95 ശതമാനം അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യുന്നതിലൂടെ ആശ്വാസം ലഭിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.