കൊച്ചി: 2018-ലെ പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പുതിയ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഒന്നരമാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 2018-ലെ പ്രളയവും, പുനരധിവാസവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോരായ്മകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

പ്രളയത്തില്‍ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീല്‍ അപേക്ഷകളില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്‌സൈറ്റില്‍ വേഗത്തില്‍ പരസ്യപ്പെടുത്തണമെന്നും നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഷവും പ്രളയവും ഉരുള്‍ പൊട്ടലുമുണ്ടായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ഇടപെടാനായില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതിനാല്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഒന്നര മാസത്തിനകം ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.