കൊച്ചി: ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി തള്ളിയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കസ്റ്റഡി മരണക്കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത മാസം അഞ്ചിന് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി നല്‍കിയത്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.