News

ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

By webdesk18

December 15, 2025

മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് പൊലീസ് പിടിയില്‍. ബദലാപൂര്‍ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്. തുടക്കത്തില്‍ ഇത് അപകടമരണമാണെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളില്‍ ഉണ്ടായ വൈരുധ്യങ്ങളെ തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ഭാര്യ നീരജയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് രൂപേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

രൂപേഷും നീരജയും തമ്മില്‍ സ്ഥിരമായി വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നീരജയെ ഒഴിവാക്കാന്‍ രൂപേഷ് തന്റെ സുഹൃത്തുക്കളായ കൃതികേഷ് രമേഷ് ചിക്ക, കുമ്പല്‍വിന്‍ ധരി എന്നിവരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും, അതുപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.