Connect with us

international

സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

റിയാദ്, ഖസീം, ഹൈല്‍, മദീന, മക്ക, അല്‍ബാഹ, അസീര്‍, ജസാന്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്‍ അതിര്‍ത്തികള്‍, അല്‍ജൗഫ്, തബൂക്ക് മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ഡിസംബര്‍ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്‍ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

വടക്കന്‍ സൗദിയിലെ അല്‍നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്‍ക്കുന്നുകള്‍ മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്‍ കൈവരിച്ചു.

വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ വാദി അറാര്‍ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്‍ വെള്ളം നിറയുകയും ചെയ്തു. അറാര്‍ നഗരത്തിലെ മരുഭൂമികള്‍ ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.

 

international

ഒമാനില്‍ ശനിയാഴ്ച രാത്രിയില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; ചന്ദ്രോദയത്തിന് മുന്‍പ് കാണാന്‍ മികച്ച അവസരം

കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കും

Published

on

മസ്‌കത്ത്: ആകാശപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ദര്‍ശിക്കാനാവും. ചന്ദ്രോദയത്തിന് മുന്‍പുള്ള സമയം ഏറ്റവും അനുകൂലമാണെന്ന് ഒമാന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്ട്രോണമി & അസ്ട്രോഫോട്ടോഗ്രഫി കമ്മിറ്റി ചെയര്‍മാന്‍ ഖാസിം ഹമദ് അല്‍ ബൂസൈദി അറിയിച്ചു.

രാത്രി 12.50ന് ചന്ദ്രോദയം ഉണ്ടാകുന്നതിനാല്‍ അതിന് മുമ്പ് ദര്‍ശനം ആരംഭിക്കാനാണ് വിദഗ്ധരുടെ നിര്‍ദേശം. ചന്ദ്രന്റെ പ്രകാശം ശക്തമായാല്‍ ഉല്‍ക്കകളുടെ ദൃശ്യമാനം കുറയുന്നതിനാലാണ് ഇത്. കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഛിന്നഗ്രഹമായ പൈത്തണ്‍ 3200 ലെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഏറ്റുമുട്ടുന്നതിലാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം രൂപപ്പെടുന്നത്. വര്‍ഷത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായ ജെമിനിഡ് ഷവര്‍ ഈ വാരാന്ത്യത്തില്‍ ദര്‍ശകര്‍ക്ക് അപൂര്‍വ കാഴ്ച ഒരുക്കും.

 

Continue Reading

international

ലോകയാത്രയില്‍ ആയിരുന്ന ആഡംബര കപ്പലില്‍ നോറോവൈറസ്; നൂറിലധികം പേര്‍ക്ക് രോഗബാധ

നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പല്‍ ഐഡ ദീവയില്‍ നോറോവൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാരും ജീവനക്കാരും രോഗബാധിതരായി. ഏകദേശം 2,000 യാത്രക്കാരും 640 ജീവനക്കാരും ഉള്‍പ്പെട്ട 133 ദിവസത്തെ ലോകയാത്രയിലാണ് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നിന്ന് നവംബര്‍ 10ന് പുറപ്പെട്ട കപ്പല്‍ യു.എസ്, യുകെ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, മെക്സിക്കോ, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വലിയ യാത്രയിലാണ്. നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

വയറിളക്കവും ഛര്‍ദ്ദിയും പ്രധാന ലക്ഷണങ്ങളായ നോറോവൈറസ് ബാധിതരെ കപ്പലില്‍ വേര്‍തിരിച്ച് ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ശക്തിപെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു.

നോറോവൈറസ് അമേരിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അലബാമ, നെബ്രാസ്‌ക, ഒക്ലാഹോമ, ടെക്സസ്, വ്യോമിങ് സംസ്ഥാനങ്ങളിലാണ് അന്ന് വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരുന്നത്. ലോകയാത്രയിലെ യാത്രക്കാരെ ബാധിച്ച ഈ പുതിയ പകര്‍ച്ചവ്യാധി കപ്പലിന്റെ സുരക്ഷാ നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യം മുന്നോട്ടുവെയ്ക്കുകയാണ്.

 

Continue Reading

international

വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി

മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്‌ക്വയര്‍’ ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.

Published

on

വാഷിങ്ടണ്‍: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്‍ ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്‌ക്വയര്‍’ ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.

ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റിനോ നാലു നിയമലംഘനങ്ങള്‍ നടത്തിയതായി ഫയര്‍സ്‌ക്വയര്‍ പരാതിയില്‍ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നല്‍കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്‍ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്.

മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്‍ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നൊബേല്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്‍ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.

ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്‍ നേരത്തെയും ഇന്‍ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്‌കാരം നല്‍കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന് അവാര്‍ഡ് നല്‍കിയതെന്നും വിമര്‍ശനമുണ്ട്.

Continue Reading

Trending