യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2012ല്‍ സൂകിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരമാണ് മ്യൂസിയം പിന്‍വലിച്ചത്.

റോഹിന്‍ഗ്യ മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ മനുഷ്യാവകാശങ്ങളോടും മനുഷ്യന്റെ അന്തസ്സിനോടുമുള്ള പ്രതിബദ്ധത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ സൂകി പരാജയപ്പെട്ടതായി ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം അയച്ച കത്തില്‍ പറയുന്നു. കിരാതമായ സൈനിക നടപടികളെ അപലപിക്കാനും തടയാനും സൂകി തന്റെ അധികാര പരിധിയും സ്വാധീനിക്കേണ്ടതയും ഉപയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടു. റോഹിന്‍ഗ്യ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിലും അവരെ ആശ്വസിപ്പിക്കുന്നതിലും സൂകിയുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായില്ല. അക്രമങ്ങള്‍ നടക്കുമ്പോള്‍ നിഷ്പക്ഷത പാലിച്ച് മിണ്ടാതിരിക്കുന്നത് മര്‍ദ്ദകനെ മാത്രമേ സഹായിക്കൂ. ഇരകള്‍ക്ക് അത് ആശ്വാസമാകില്ല. മൗനം അക്രമികള്‍ക്ക് പ്രോത്സഹാനമാകും-മ്യൂസിയം ചൂണ്ടിക്കാട്ടി.

റോഹിന്‍ഗ്യ മുസ്‌ലിംകളുടെ അനുഭവിച്ച കെടുതികളുടെ ആഴം മനസ്സിലാക്കാനും തെളിവു ശേഖരിക്കാനും ഹോളോകാസ്റ്റ് മ്യൂസിയം അധികൃതര്‍ പലതവണ മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയാണ് സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി ചെയ്യുന്നതെന്നും മ്യൂസിയം കുറ്റപ്പെടുത്തി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറുടെയും വിദേശകാര്യ മന്ത്രിയുടെയും ചുമതല വഹിക്കുന്ന സൂകി റാഖൈന്‍ സ്റ്റേറ്റിലെ കൂട്ടക്കുരുതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളോട് സഹകരിക്കണമെന്ന് കത്ത് ആവശ്യപ്പെട്ടു.