ചണ്ഡീഗഡ്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍ ഒടുവില്‍ പൊലീസ് വലയില്‍. 38 ദിവസത്തെ ഒളിവിന് ശേഷമാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്്. ഗുര്‍മീതിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന പഞ്ച്കുള സി.ബി.ഐ കോടതി സമുച്ചയത്തിലും പരിസപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

നേരത്തെ, ഹരിയാന പൊലീസ് ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ നേപ്പാളിലേക്ക്് കടന്നതായും ശ്രുതിയുണ്ടായിരുന്നു. ഹണിപ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പഞ്ച്കുള പൊലീസ് കമ്മീഷണര്‍ എ.എസ് ചാവ്‌ല പറഞ്ഞു.
പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കെ ഇന്ത്യാ ടുഡേ ഗ്രൂപ്പിന് ഹണിപ്രീത് ഇന്റര്‍വ്യൂ നല്‍കിയിരുന്നു. ഇതില്‍ കീഴടങ്ങുമെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റിനായി മാത്രം ഹരിനായ പൊലീസ് പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. ഓഗസ്റ്റ് 25ലെ പഞ്ച്കുള കലാപവുമായി ബന്ധപ്പെട്ട് ഹണിപ്രീത് അടക്കം 43 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
റാം റഹിം അഭിനയിച്ച എം.എസ്.ജി 2 മെസെഞ്ചര്‍, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്നീ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടാം സിനിമയുടെ സംവിധായികയും ഇവരാണ്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. റാം റഹിമിന്റെ അടുത്തെത്തിയതോടെ പേരു മാറ്റുകയായിരുന്നു. മുന്‍ ദേര അനുയായി വിശ്വാസ് ഗുപ്തയുമായി 1999 ഫെബ്രുവരി നാലിന് ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.
റാം റഹിം സിങിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന് പരാതിപ്പെട്ട് 2011ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞു. ഹണിപ്രീത് റാം റഹിമിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.