ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ തന്ത്രപരമായ നീക്കത്തിലൂടെ ബി.ജെ.പിയുടെ സഖ്യ ചര്‍ച്ചകള്‍ക്ക് തടയിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനത്തിലൂടെയാണ് സിദ്ധരാമയ്യ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ ചര്‍ച്ചകള്‍ക്ക് തടയിട്ടത്. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന ദളിത് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ മറ്റു മുതിര്‍ന്ന ദളിത് നേതാക്കളായ പൊതുമരാമത്ത് മന്ത്രി ഡോ. എച്ച്.സി മഹാദേവപ്പ, കെ.എച്ച് മുനിയപ്പ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്.

രാജ്യവ്യാപകമായി ശക്തിപ്പെടുന്ന ദളിത് മുന്നേറ്റങ്ങളും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ദളിത് മുഖ്യമന്ത്രി പ്രഖ്യാപനത്തിലൂടെ ബി.ജെ.പി, ജെ.ഡി.എസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദളിത് വിഭാഗത്തെ കൂടെ നിര്‍ത്തണമെന്നുള്ളത് എല്ലാ പാര്‍ട്ടിക്കാരുടേയും ആവശ്യമാണ്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ തൂക്ക് നിയമസഭ വരികയാണെങ്കില്‍ ദളിത് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് മുന്നോട്ടു വെച്ചാല്‍ അത് ബി.ജെ.പി-ജെ.ഡി.എസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാകും. ലിംഗായത്ത് വിഭാഗക്കാരനായ യെദിയൂരപ്പയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മെയ് 15ന് താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.

തൂക്കു നിയമസഭ വരികയും കോണ്‍ഗ്രസ് ദളിത് മുഖ്യമന്ത്രിയെ മുന്നോട്ട് വെക്കുകയും ചെയ്താല്‍ അതിനെ പിന്തുണച്ചില്ലെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് നേതൃത്വത്തിന് അത് വലിയ തിരിച്ചടിയാകും. ദളിത് മുഖ്യമന്ത്രിക്ക് എതിരെ സഖ്യമുണ്ടാക്കി യെദിയൂരപ്പയെ മുഖ്യമന്ത്രിയായി വാഴിച്ചാല്‍ അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകും. ഇതെല്ലാം മൂന്‍കൂട്ടി കണ്ടാണ് തൂക്കുനിയമസഭ എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയ്യാറാണെന്ന തന്ത്രപരമായ പ്രഖ്യാപനം സിദ്ധരാമയ്യ നടത്തിയത്.

രാജ്യത്താകമാനം രൂപപ്പെട്ട ദളിത് മുന്നേറ്റങ്ങളെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ് നേതാവ് ദേവഗൗഡ. നിയമസഭാ തെരഞ്ഞെടുപ്പിന് അദ്ദേഹം വലിയ പ്രധാന്യം നല്‍കുന്നില്ല. അടുത്ത പ്രധാനമന്ത്രി പദത്തിലാണ് അദ്ദേഹത്തിന്റെ നോട്ടം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും അദ്ദേഹത്തിന് പ്രത്യേക മമതയോ വിരോധമോ ഇല്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ എച്ച്.ഡി കുമാരസ്വാമിക്ക് ബി.ജെ.പി സഖ്യത്തോടാണ് താല്‍പര്യം. തൂക്കു നിയമസഭയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നിരുന്നു. അവിടെയിരുന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താനുള്ള നീക്കമാണെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ദേവഗൗഡയുടെ മനസിലിരിപ്പ് തിരിച്ചറിഞ്ഞാണ് സഖ്യ ചര്‍ച്ചകള്‍ക്ക് തടയിടാന്‍ സിദ്ധരാമയ്യ ബുദ്ധിപരമായ തീരുമാനം പ്രഖ്യാപിച്ചത്. തൂക്കു നിയമസഭ വരികയാണെങ്കില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും സിദ്ധരാമയ്യയുടെ തീരുമാനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.