തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. വിടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിരാഹാരമിരുന്നിരുന്നത്. 17-ാം തിയ്യതിവരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് ഇന്ന് വൈകുന്നേരം നാലിന് സ്വീകരണം നല്‍കും.

സഭ സമ്മേളിക്കാത്തപ്പോള്‍ സഭക്കുമുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്ന് കണ്ടാണ് നിരാഹാരസമരം അവസാനിപ്പിക്കുന്നത്. നിരാഹാര സമരം ഒഴിവാക്കി പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സമരം തുടരാന്‍ തയ്യാറാണെന്ന് എംഎല്‍എമാര്‍ നേതാക്കളെ അറിയിച്ചിരുന്നു. ഏഴുദിവസത്തെ നിരാഹാരത്തിന് ശേഷം ഷാഫി പറമ്പിലിനേയും, ഹൈബി ഈഡനേയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് ബല്‍റാമും റോജിയും സമരം ഏറ്റെടുത്തത്.