തൃശൂര്‍: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി ചുട്ടുകൊന്നു. തൃശൂര്‍ വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നു മരിക്കുകയായിരുന്നു. അതേസമയം യുവതിയെ നടുറോഡില്‍ തീ കൊളുത്തിയ ഭര്‍ത്താവ് വിരാജു ഇപ്പോഴും ഒളിവിലാണ്.

വിരാജുവും ജിത്തുവും ഏറെ നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബശ്രീയില്‍നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി എത്തിയപ്പോഴാണ് ജിത്തുവിന് നേരെ അക്രമമുണ്ടായത്. പണമിടപാടിനായി വെളളിക്കുളങ്ങരയിലെ കുടുംബശ്രീ യോഗത്തിലേക്ക് പിതാവിനൊപ്പമാണ് ജീത്തു എത്തിയത്. ജീത്തു കുടുംബശ്രീയ്ക്ക് എത്തിയതറിഞ്ഞ ഭര്‍ത്താവ് വിരാജ് കൊല്ലാന്‍ പദ്ധതിയിട്ട് പുറത്തു കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജീത്തുവിന് നേരെ വളരെ പെട്ടെന്നായിരുന്നു അക്രമം.
ജിത്തുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുടനെ തന്നെ ഭര്‍ത്താവ് വിരാജ് തീ കൊളുത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ അക്രമത്തിനെതിരെ നാട്ടുകാര്‍ക്ക് ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബശ്രീ യോഗത്തിന് വന്ന 20ലധികം പേരും ജീത്തുവിന്റെ പിതാവും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സംഭവം നോക്കി നില്‍ക്കാനേ കഴിഞ്ഞുളളൂ.

ജീത്തുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം സംഭവസ്ഥലത്തുനിന്നും കടന്നു കളഞ്ഞ വിരാജുവിനായുള്ള ശക്തമായ തിരച്ചിലിലാണ് പൊലീസ്.