തലശ്ശേരി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ‘ചന്ദ്രിക’ 85-ാം വാര്‍ഷികാഘോഷം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. പക്ഷേ, ഇത്തരം അവകാശങ്ങള്‍ അനുവദിച്ചു നല്‍കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. ഇത് ഒരു ജനാധിപത്യ മതേതര രാജ്യത്തിന് ഭൂഷണമല്ല. ഭരണകൂടങ്ങളുടെ വഴിവിട്ട പോക്കിനെതിരെയുള്ള ജനകീയ പോരാട്ടങ്ങളെ പിന്തുണക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. മാധ്യമപ്രവര്‍ത്തനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രകടമായ രൂപമാണ്. ഭരണകൂടങ്ങളുടെ അവഗണനക്കും ശത്രുതക്കും വിധേയരായ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും നടത്തിയ, നിരന്തരമായ സമരങ്ങളുടെ ചരിത്രമാണ് ചന്ദ്രികയുടെ എട്ടര പതിറ്റാണ്ടെന്ന് തങ്ങള്‍ പറഞ്ഞു. സംവരണത്തിന് വേണ്ടിയും വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടിയുമെല്ലാം ചന്ദ്രിക പൊരുതാനിറങ്ങുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഏറെയൊന്നും മാധ്യമങ്ങളുണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു.