വേങ്ങര: രാജ്യത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദവും സല്‍പ്പേരും നരേന്ദ്രമോദി തകര്‍ക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതങ്ങളുടെ പേരില്‍ വിഭാഗീയത സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും കലാപങ്ങളുണ്ടാക്കുകയാണ്. ആള്‍ക്കൂട്ട അക്രമവും പശുവിന്റെ പേരിലുള്ള കൊലപാതകവും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടലും സംഘ്പരിവാര്‍ അജണ്ടയായി എടുത്തിരിക്കുകയാണ്. ജനദ്രോഹ നടപടികള്‍ മാത്രമാണ് ഭരണകൂടങ്ങളില്‍ നിന്നുണ്ടാവുന്നത്.

വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം വേങ്ങര കണ്ണാടിപ്പടിയില്‍ നടന്ന കുടുംബ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. അധികാരത്തിലെത്താന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ ഇടതു സര്‍ക്കാര്‍ ഒന്നര വര്‍ഷമായി വികസന രംഗത്ത് ഒന്നും ചെയ്തില്ല. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്തും അധികാരത്തില്‍ കയറിയാലും ചെയ്യാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങളുടെ മുമ്പില്‍ വെച്ചിട്ടുള്ളത്. മദ്യവ്യാപനത്തിന് അടിത്തറയിടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. യു.ഡി.എഫ് നടപ്പാക്കിയ ജനകീയ മദ്യനയം ഇടത് സര്‍ക്കാര്‍ പൊളിച്ചെഴുതിയിരിക്കുന്നു. വിവിധ സംഘടനകള്‍ക്ക് കീഴില്‍ മദ്യനയത്തിനെതിരെ സമരങ്ങള്‍ വ്യാപകമായിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ മദ്യശാലകള്‍ നിറയുന്ന അവസ്ഥയാണ്. എല്ലാ തിന്മയുടെയും താക്കോലായ മദ്യം കേരളത്തില്‍ സര്‍ക്കാര്‍ ഒഴുക്കുമ്പോള്‍ കുടുംബങ്ങളില്‍ കലാപങ്ങളും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍,ദേശീയജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, കെ.പി.എ മജീദ്, ഹനീഫ മൂന്നിയൂര്‍, ഫാത്തിമ മണ്ടോട്ടില്‍, വെട്ടം ആലിക്കോയ, പി.കെ അസ്‌ലു, ശശി കടവത്ത്, ചാലില്‍ അലവി, പൂവഞ്ചേരി ലത്തീഫ്, നിയാസ് വാഫി പ്രസംഗിച്ചു. കുഴിച്ചിനയില്‍ നടന്ന കുടുംബ സംഗമത്തിലും തങ്ങള്‍ പങ്കെടുത്തു. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ, ഇബ്‌റാഹീം കുഞ്ഞ് എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, എന്‍.ടി ഷരീഫ്, കെ.പി ഹസീന ഫസല്‍ പ്രസംഗിച്ചു.