ലണ്ടന്‍: ശ്രീലങ്കക്കെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും അര്‍ധസെഞ്ച്വറി നേടി. 25 ഓവര്‍ കളി പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 78 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. രോഹിത് പുറത്തായതിനു ശേഷം ഇറങ്ങിയ വിരാട് കോഹ്‌ലി അഞ്ചു പന്തുകള്‍ നേരിട്ടശേഷം പൂജ്യത്തിന് പുറത്താവുകയായിരുന്നു.

69 പന്തുകളില്‍ നിന്ന് അഞ്ചു ഫോറുകളോടെ ധവാന്‍ അര്‍ധസെഞ്ച്വറിയിലെത്തിയപ്പോള്‍ നാലു ഫോറും ഒരു സിക്‌സുമുള്‍പ്പെടെയായിരുന്നു രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറി. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള അവസരവും നല്‍കാതെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ്.

തരംഗ, കപുഗേദര,സീക്കുഗെ എന്നിവര്‍ക്ക് പകരം ധനുസ്‌ക, തിസാര പെരേര, ഏയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് ടീമില്‍ അവസരം നല്‍കിയായിരുന്നു ശ്രീലങ്ക കളിക്കാനിറങ്ങിയത്. അതേസമയം, പാക്കിസ്താനെതിരായ കളിയിലെ അതേ ടീം തന്നെയായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയും.