മയാമി: അത്‌ലറ്റിക്‌സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്‌ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി ഫ്രാഞ്ചൈസിലാണ് ജമൈക്കന്‍ താരം അവസരം തേടുന്നത്. മയാമി ടീമിന് സ്‌െ്രെടക്കറെ ആവശ്യമുണ്ടെങ്കില്‍ ബൂട്ടണിയാന്‍ താന്‍ തയ്യാറാണെന്നും ഇതു തമാശയല്ലെന്നും ബോള്‍ട്ട് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ ബോള്‍ട്ട് ട്രാക്കില്‍ നിന്നു വിരമിക്കുന്നതിനു മുമ്പുതന്നെ ഫുട്‌ബോള്‍ പരിശീലനം നടത്തിയിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ സമെലോദി സണ്‍ഡൗണ്‍സിനൊപ്പമാണ് 31കാരന്‍ പരിശീലനം നടത്തുന്നത്.

ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ടില്‍ പരിശീലനം നേടാനുള്ള ഒരുക്കത്തിലാണ് ബോള്‍ട്ട്. ഉന്നത തലത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന ബൊറുഷ്യയില്‍ പരിശീലനം നടത്തുന്നതിനെപ്പറ്റി താന്‍ ഏറെ സ്വപ്‌നം കാണുന്നതായി താരം പറഞ്ഞു.