മാഡ്രിഡ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തെ സ്വാഗതം ചെയ്ത് ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. സ്പാനിഷ് ഫുട്‌ബോളിലേക്ക് നെയ്മര്‍ തിരിച്ചുവരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും സ്‌പെയിനില്‍ കളിക്കാനുള്ള ഉന്നത നിലവാരം നെയ്മറിനുണ്ടെന്നും തെബാസ് പറഞ്ഞു.

ബാര്‍സലോണയില്‍ നിന്ന് 222 ദശലക്ഷം യൂറോയ്ക്ക് പി.എസ്.ജിയിലേക്കുള്ള നെയ്മറിന്റെ കൂടുമാറ്റം തടയാന്‍ അവസാന നിമിഷം വരെ തെബാസ് ശ്രമം നടത്തിയിരുന്നു. ബ്രസീലിയന്‍ താരം തിരിച്ചെത്തുന്നത് സന്തോഷകരമാണെന്നാണ് സ്പാനിഷ് സ്‌പോര്‍ട്‌സ് പ്രസ് അവാര്‍ഡ്‌സ് ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്.

‘(നെയ്മര്‍ തിരിച്ചുവരുന്ന) ടീം പഴയതായിരിക്കുകയില്ല. എന്നാല്‍, സ്‌പെയിനില്‍ നാം ഏറ്റവും മികച്ചവരായിരിക്കണം. നെയ്മര്‍ ഏറ്റവും മികച്ചയാളാണ്.’ ലാലിഗയില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അടുത്ത സീസണോടെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.